
മലപ്പുറം: ട്രേഡിങ് ആപ്പിന്റെ മറവിൽ 3.25 കോടി രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. അരീക്കോട് പുത്തലം സ്വദേശി അഫ്ലഹ് ഷാദിൻ (25), ചെമ്രക്കാട്ടൂർ വെള്ളേരി സ്വദേശി ശാഫി(34) എന്നിവരെയാണ് മലപ്പുറം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും മഞ്ചേരി കോടതിയിൽ ഹാജരാ ക്കി റിമാൻഡ് ചെയ്തു. പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വെർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ചാണ് ഇവർ കോടികൾ തട്ടിയെടുത്തത്. പരാതിക്കാരനിൽ നിന്നും വ്യത്യസ്ത സമയങ്ങളിലായി ബാങ്ക് അക്കൗണ്ടിൽനിന്നും പ്രതികൾ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും പണം അയച്ചു കൊടുക്കുകയും അതിന്റെ ലാഭവിഹിതം കാണിക്കുന്ന ഒരു ആപ്ലിക്കേഷൻ പരാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയുമായിരുന്നു. ഉപയോക്താക്കൾക്ക് ആപ്പിൽ വലിയ ലാഭവിഹിതം കാണിച്ചിരുന്നു. പിന്നീട് പണവും ലാഭവ ലാഭവിഹിതവും തിരികെ ചോദിച്ചപ്പോൾ പ്രസ്തുത തുക പിൻവലിക്കാൻ കൂടുതൽ തുക ടാക്സ് അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇതൊരു തട്ടിപ്പ് ആണെന്ന് മനസിലാവുകയും തുടർന്ന് മലപ്പുറം സൈബർ ക്രൈം പൊലിസ് സ്റ്റേഷനിൽ പരാതി നൽകു കയും ചെയ്തത്. അയച്ചുനൽകിയ പണത്തിന്റെ ഒരു ഭാഗം മറ്റൊരു അക്കൗണ്ട് വഴി കൊണ്ടോട്ടിയിലെ ബാങ്കിൽ നിന്നും പിൻവലിച്ചതായും പൊലിസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി വി. ജയചന്ദ്രന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലിസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജൻ, എസ്.ഐ ലത്തീഫ്, എസ്.ഐ നജ്മുദ്ദീൻ, എ.എസ്.ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, സി.പി .ഒ റിജിൽ, റാഷിനുൽ ഹസൻ, കൃഷ്ണന്ദു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
