Sports

പഞ്ചാബ് പഞ്ചിൽ ലക്നൗ തരിപ്പണം, പൊരുതിയത് ബദോനി മാത്രം, റിഷഭ് പന്തിന് വീണ്ടും നിരാശ; ജയത്തോടെ കിംഗ്സ് രണ്ടാമത്

ധരംശാല: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ 37 റണ്‍സിന്‍റെ ജയവുമായി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് പ‌ഞ്ചാബ് കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 237 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗവിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ക്യാപ്റ്റന്‍ റിഷഭ് പന്ത് 17 പന്തിൽ 18 റണ്‍സുമായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ 40 പന്തില്‍ 74 റണ്‍സെടുത്ത ആയുഷ് ബദോനിയും 24 പന്തില്‍ 45 റണ്‍സെടുത്ത അബ്ദുള്‍ സമദും നടത്തിയ ചെറുത്തുനില്‍പ്പിനും പഞ്ചാബിന്‍റെ ജയം തടയാനായില്ല. പഞ്ചാബിനായി അർഷ്ദീപ് സിംഗ് നാലോവറില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അസ്മത്തുള്ള ഒമര്‍സായി രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ 11 കളികളില്‍ 15 പോയന്‍റുമായി പഞ്ചാബ് പോയന്‍റ് പട്ടികയില്‍ മുംബൈയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ലക്നൗ ഏഴാം സ്ഥാനത്തായി. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 236-5, ലക്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 199-7. 237 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ലക്നൗവിന് തുടക്കത്തിലെ അടിതെറ്റി. അക്കൗണ്ട് തുറക്കും മുമ്പെ മിച്ചല്‍ മാര്‍ഷിനെ(0) മൂന്നാം ഓവറില്‍ അര്‍ഷ്ദീപ് സിംഗ് മടക്കി. അതേ ഓവറില്‍ ഏയ്ഡന്‍ മാര്‍ക്രത്തെയും(13) മടക്കിയ അര്‍ഷ്ദീപ് സിംഗ് ലക്നൗവിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ബാറ്റിംഗ് പ്രതീക്ഷയായിരുന്ന നിക്കോളാസ് പുരാന്‍(6) വിക്കറ്റിന് മുന്നില്‍ കുടുക്കിയ അര്‍ഷ്ദീപ് ലക്നൗ മുന്‍നിരയെ തകര്‍ത്തപ്പോള്‍ പ്രതീക്ഷ നല്‍കി തുടങ്ങിയ ക്യാപ്റ്റന്‍ റിഷഭ് പന്തിനും അധികം ആയുസുണ്ടായില്ല. സിക്സ് അടിച്ചു തുടങ്ങിയ പന്ത് 17 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും അടക്കം 18 റണ്‍സെടുത്ത് അസ്മത്തുള്ള ഒമര്‍ സായിയുടെ പന്തില്‍ വീണു. പിന്നാലെ ഡേവിഡ് മില്ലറും(11) മടങ്ങിയതോടെ 73-5ലേക്ക് കൂപ്പുകുത്തിയ ലക്നൗവിനെ അബ്ദുള്‍ സമദും ആയുഷ് ബദോനിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് മാന്യമായ തോല്‍വി ഉറപ്പാക്കി. സമദ് 24 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബദോനി 40 പന്തില്‍ 74 റണ്‍സെടുത്ത് പുറത്തായി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് പ്രഭ്‌സിമ്രാന്‍ സിംഗിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തത്. 48 പന്തില്‍ 91 റണ്‍സെടുത്ത പ്രഭ്‌സിമ്രാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 25 പന്തില്‍ 45 റണ്‍സടിച്ചപ്പോള്‍ ജോഷ് ഇംഗ്ലിസ് 14 പന്തില്‍ 30ഉം ശശാങ്ക് സിംഗ് 15 പന്തില്‍ 33ഉം റണ്‍സെടുത്തു. ലക്നൗവിനായി ആകാശ് മഹാരാജ് സിംഗും ദിഗ്‌വേഷ് റാത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍  66 റണ്‍സടിച്ച പഞ്ചാബ് 10 ഓവറില്‍ 100 റണ്‍സിലെത്തി. 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പ്രഭ്‌സിമ്രാൻ പിന്നീട് ലക്നൗ ബൗളര്‍മാരെ പ്രഹരിച്ചു. പതിമൂന്നാം ഓവറില്‍ ദിഗ്‌വേഷ് റാത്തി ശ്രേയസ് അയ്യരെ(25 പന്തില്‍ 45) വീഴ്ത്തിയെങ്കിലും അടിതുടര്‍ന്ന പ്രഭ്‌സിമ്രാൻ ദിഗ്‌വേഷ് റാത്തിയെറിഞ്ഞ പതിനഞ്ചാം ഓവറില്‍ 17 റണ്‍സടിച്ചു. പതിനാറ് ഓവരില്‍ 171 റണ്‍സിലെത്തിയ പഞ്ചാബ് അവസാന നാലോവറില്‍ 65 റണ്‍സാണ് അടിച്ചു കൂട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button