അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ തീ കൊളുത്തി; കോളജ് വിദ്യാര്‍ഥിനി മരിച്ചു

ഭുവനേശ്വര്‍: ഒഡിഷയിൽ പ്രൊഫസർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 22കാരി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിനി കഴിഞ്ഞ മൂന്ന് ദിവസമായി ഭുവനേശ്വര്‍ എയിംസിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സ നൽകിയിട്ടും പെൺകുട്ടിയെ രക്ഷിക്കാനായില്ലെന്നും ഇന്നലെ രാത്രി 11.46ഓടെ മരണത്തിന് കീഴടങ്ങിയതായും ആശുപത്രി അറിയിച്ചു. ബാലസോറിലെ ഫക്കീർ മോഹൻ ഓട്ടോണമസ് കോളജിൽ ബി.എഡിന് പഠിക്കുന്ന വിദ്യാര്‍ഥിനി ജൂലൈ ഒന്നിന് വകുപ്പ് മേധാവി പ്രൊഫസർ സമീർ കുമാർ സാഹുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു.കോളജിന്റെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിക്ക് അയച്ച കത്തിൽ പ്രൊഫസറിൽ നിന്ന് മാസങ്ങളായി നേരിട്ട അധിക്ഷേപത്തെക്കുറിച്ചും ഭീഷണിയെക്കുറിച്ചും വിശദമായി പറഞ്ഞിരുന്നു, എന്നാൽ അധ്യാപകനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഏഴ് ദിവസത്തിനുള്ളിൽ നടപടിയെടുക്കുമെന്ന് പെൺകുട്ടിക്ക് വാഗ്ദാനം ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു.ഇതിനെതുടര്‍ന്ന് ജൂലൈ 12ന് പെൺകുട്ടിയും സഹപാഠികളും ചേര്‍ന്ന് കോളജ് ഗേറ്റിന് പുറത്ത് പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിനിടയിൽ പെൺകുട്ടി പെട്ടെന്ന് പ്രിൻസിപ്പലിന്റെ ഓഫീസിന് സമീപമുള്ള സ്ഥലത്തേക്ക് ഓടി സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് വിദ്യാര്‍ഥികൾ പറഞ്ഞു. പെൺകുട്ടിക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. മകളെ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നുവെന്ന് പിതാവ് തിങ്കളാഴ്ച എൻഡിടിവിയോട് പറഞ്ഞു. കോളജിലെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി അംഗങ്ങളും പ്രിൻസിപ്പലും പരാതി പിൻവലിക്കാൻ മകളെയും തന്നെയും സമ്മർദ്ദത്തിലാക്കിയതായി പിതാവ് ആരോപിച്ചു. “ഞങ്ങൾ പരാതി പിൻവലിച്ചില്ലെങ്കിൽ എനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുമെന്ന് അവർ എന്നോട് പറഞ്ഞു. എന്നെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഭവത്തിൽ വകുപ്പ് മേധാവിയെയും പ്രിൻസിപ്പൽ ദിലീപ് ഘോഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മരണത്തിൽ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അനുശോചനം രേഖപ്പെടുത്തി. കുറ്റവാളികൾക്കെല്ലാം പരമാവധി ശിക്ഷ നൽകുമെന്ന് അവരുടെ കുടുംബത്തിന് ഉറപ്പ് നൽകി. സംഭവം സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
