National

വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം: കുറ്റം സമ്മതിച്ച് 17കാരൻ; പിന്നിൽ സുഹൃത്തിനോടുളള പകയെന്ന് മൊഴി

ദില്ലി: വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത 17 കാരൻ കുറ്റം സമ്മതിച്ചു. സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കിയാണ് ഭീഷണി സന്ദശം അയച്ചതെന്നും ഇങ്ങനെ ചെയ്തത് സുഹൃത്തിനോടുളള പക വീട്ടാനാണെന്നും കൗമാരക്കാരൻ പൊലീസിനോട് വെളിപ്പെടുത്തി. ഭീഷണി ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രണ്ട് വിമാനങ്ങൾ വൈകുകയും ഒരു വിമാനത്തിന്റെ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസത്തിൽ പതിനഞ്ച് വിമാനങ്ങൾക്ക്  വ്യാജബോംബ്  ഭീഷണി സന്ദേശം വന്ന സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിരുന്നു. മുംബൈയിലും ഛത്തീസ്ഗഡിലുമായി മൂന്ന് പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. വിമാന സർവ്വീസുകൾക്കെതിരായ ഭീഷണിയിൽ അമേരിക്കയും ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ വ്യോമഗതാഗതത്തിന് കടുത്ത ആശങ്ക ഉയർത്തിയാണ് തുടർച്ചയായുള്ള ബോംബ് ഭീഷണി എത്തിയത്. കേസിൽ വിവിധ ഏജൻസികൾ പരിശോധന തുടങ്ങിയിരുന്നു. സാമൂഹികമാധ്യമയായ എക്സിലാണ് ഭീഷണി സന്ദേശങ്ങൾ പ്രചരിച്ചത്. ഛത്തീസ്ഗഡിലെ രാജ് നന്ദഗാവ് സ്വദേശിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  സർക്കാർ നിർദ്ദേശത്തെ തുടർന്ന്  ഭീഷണി വന്ന അക്കൗണ്ടുകൾ എക്സ് നീക്കം ചെയ്തു. ഇന്നലെ മാത്രം ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്സ്‌, ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്സ്‌, അയോദ്ധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്സ്‌, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ബോംബ് ഭീഷണി  ലഭിച്ചത്. സിംഗപ്പൂരിലേക്ക് പോയ വിമാനം പിന്നീട് സുരക്ഷിതമായി ചാംഗി വിമാനത്താവളത്തിൽ ഇറക്കി. സിംഗപ്പൂർ വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ സുരക്ഷ അകമ്പടി നല്കി. ചിക്കാഗോ വിമാനത്തിലെ യാത്രക്കാരെ കാനേഡിയൻ വ്യോമസേന വിമാനത്തിൽ ചിക്കാഗോയിൽ എത്തിക്കുകയുമാണ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button