ആശുപത്രി റോഡ് കുത്തനെയുള്ള കയറ്റം; കാൽ തെറ്റിയാൽ കിടത്തിച്ചികിത്സ വേണ്ടിവരും

നീലേശ്വരം: വെസ്റ്റ് എളേരി പഞ്ചായത്തിലെ പരപ്പച്ചാൽ പാലത്തിന് സമീപമുള്ള സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയിലേക്കുള്ള യാത്ര ദുരിതം. പരപ്പച്ചാൽ റോഡില്‍നിന്ന് വളരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഡിസ്പെന്സറിയിലേക്കെത്താന് കുത്തനെയുള്ള കയറ്റം കയറണം. വാഹനങ്ങള്‍ ഇവിടേക്കെത്താത്തതും പ്രതിസന്ധിയാണ്. കോണ്‍ക്രീറ്റ് ചെയ്ത വഴിയാണെങ്കിലും മഴ തുടങ്ങിയതോടെ രോഗികള്‍ എത്തുന്നത് ജീവന് പണയംവെച്ചാണ്. പ്രായമായവരും ഭിന്നശേഷിക്കാരും പലവിധ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരും കൈവരിയില്‍ പിടിച്ചാണ് കയറ്റം കയറുന്നത്. ഇറങ്ങുമ്പോള്‍ കാൽ തെറ്റിയാല്‍ താഴെ റോഡിലുമെത്തും. 2000ലാണ് ഇവിടെ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. വ്യക്തി ഏഴു സെന്റ് സ്ഥലം നല്‍കിയതോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. നിലവിലെ വഴിയിലൂടെ ഡോക്ടര്‍മാര്‍ക്കുപോലും നടക്കാനാവാത്ത സാഹചര്യമാണ്. ആശുപത്രിയിലേക്കാണ് റോഡ് നിര്‍മിച്ചതെങ്കിലും രോഗികള്‍ക്ക് പ്രയോജനമില്ല. നിരവധിതവണ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പരിഹാരമായില്ല. കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് പേർ ആശ്രയിക്കുന്ന ആശുപത്രിയാണിത്.വഴി വീതികൂട്ടി സഞ്ചാരയോഗ്യമാക്കണമെന്നും വാഹനം നിർത്താനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം.
