ഇംഗ്ലണ്ട് 247ന് പുറത്ത്, ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 75/2; ജയ്സ്വാളിന് അർധ സെഞ്ച്വറി

ലണ്ടൻ: ഇന്ത്യയെ ചെറിയ സ്കോറിലൊതുക്കുകയും മറുപടിയായി തുടക്കത്തിൽ അടിയോടടിയുമായി ബാറ്റിങ് കൊഴുപ്പിക്കുകയും ചെയ്ത ഇംഗ്ലണ്ടിനെ പൂട്ടിക്കെട്ടി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും. ഓപണിങ് കൂട്ടുകെട്ടിൽ 77 പന്ത് മാത്രം നേരിട്ട് 92 റൺസ് കുറിച്ചതിനൊടുവിലാണ് ഇംഗ്ലീഷ് ബാറ്റിങ് മുനയൊടിഞ്ഞുവീണത്. ഇരുവരും നാലു വിക്കറ്റ് വീതം നേടി. 224 റൺസിന് ഇന്ത്യയെ കൂടാരം കയറ്റിയതിന് മറുപടിയായി 247ന് ഇംഗ്ലണ്ടിനെ ഒതുക്കി ഇന്ത്യ രണ്ടാം ഇന്നിങ്സിനിറങ്ങി. രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തിട്ടുണ്ട്. രാഹുൽ (ഏഴ്), സായ് സുദർശൻ (11) എന്നിവരാണ് പുറത്തായത്. അർധസെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളും(51) ആകാശ്ദീപുമാണ് (നാല്) ക്രീസിൽ. ഇന്ത്യക്ക് 52 റൺസ് ലീഡുണ്ട്. ഇംഗ്ലണ്ടിന്റെ ജോഷും അറ്റ്കിൻസണും ഒാരോ വിക്കറ്റ് വീതം നേടി. ബുംറയില്ലാതെ ഇറങ്ങിയ അവസാന ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ആറു വിക്കറ്റിന് 204 റൺ എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡ് കാര്യമായി മാറുംമുമ്പ് അതിവേഗം വിക്കറ്റുകൾ നഷ്ടമായതോടെ ആദ്യ ഇന്നിങ്സ് 224ൽ അവസാനിച്ചു. 109 പന്തിൽ 57 റൺസെടുത്ത കരുൺ നായരും 55 പന്തിൽ 26 എടുത്ത വാഷിങ്ടൺ സുന്ദറും കീഴടങ്ങിയതിന് പിന്നാലെ വാലറ്റത്ത് മറ്റുള്ളവരും തിരിച്ചുകയറുകയായിരുന്നു. ആതിഥേയരുടെ മറുപടി ബാറ്റിങ്ങിൽ ബെൻ ഡക്കറ്റും സാക് ക്രോളിയും ഒരേ താളത്തിൽ അനായാസം അടിച്ചുതകർത്തത് ഓവലിൽ ആവേശവും ആധിയും പടർത്തി. 77 പന്തിൽ 92 റൺസുമായി കൂട്ടുകെട്ട് മുന്നേറുന്നതിനിടെ ആദ്യം മടങ്ങിയത് ഡക്കറ്റ്. ആകാശ്ദീപായിരുന്നു 43 എടുത്ത ഡക്കറ്റിനെ വിക്കറ്റ് കീപർ ജുറെലിന്റെ കൈകളിലെത്തിച്ചത്. പിറകെയെത്തിയ ഓലി പോപ് സാക് ക്രോളിക്കൊപ്പം കരുതലോടെ കളിച്ചെങ്കിലും അർധ സെഞ്ച്വറി പിന്നിട്ട ക്രോളി (64) സ്കോർ 129ൽ നിൽക്കെ പുറത്തായി. പ്രസിദ്ധ് കൃഷ്ണക്കായിരുന്നു വിക്കറ്റ്. ബാറ്റിങ് താളം പിഴക്കാതെ മുന്നോട്ടെന്ന് തോന്നിച്ച ഘട്ടത്തിൽ മുഹമ്മദ് സിറാജ് ഉഗ്രശേഷിയുള്ള പന്തുകളുമായി ആദ്യം പോപിനെയും (22 റൺസ്) പിറകെ ജോ റൂട്ടിനെയും (29) മടക്കി. പിന്നീടെത്തിയ ഹാരി ബ്രൂക്ക് നങ്കൂരമിട്ടെങ്കിലും നിലക്കാത്ത വിക്കറ്റുവീഴ്ച ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. സിറാജിന്റെ തന്നെ പന്തിൽ ജേക്കബ് ബെഥലായിരുന്നു അഞ്ചാമനായി മടങ്ങിയത്. എട്ട് റൺ നേടിയ സ്മിത്തും സംപൂജ്യനായി ജാമി ഓവർടണും പ്രസിദ്ധിന്റെ ഒരേ ഓവറിൽ കൂടാരം കയറി. അതിനിടെ, സിറാജ് അറ്റ്കിൻസണിന്റെ റിട്ടേൺ ക്യാച്ച് കൈവിട്ടെങ്കിലും ഏറെ വൈകാതെ പ്രസിദ്ധ് തന്റെ മൂന്നാം വിക്കറ്റിൽ താരത്തെ മടക്കി. പരിക്കുമായി ആദ്യദിനം തിരിച്ചുകയറിയ ക്രിസ് വോക്സ് ബാറ്റിങ്ങിനെത്തിയില്ല. അവസാന വിക്കറ്റിൽ പരമാവധി റൺ ചേർക്കാനായിരുന്നു ഹാരി ബ്രൂക്കിന്റെ ശ്രമം. അവസാന ബാറ്ററായ ജോഷ് ടോംഗിനെ കാഴ്ചക്കാരനായി നിർത്തി ഇംഗ്ലീഷ് സ്കോർ ഉയർത്താനുള്ള ശ്രമം വിജയം കാണുകയും ചെയ്തു. ഉടനീളം മികച്ച ബൗളിങ് പുറത്തെടുത്ത സിറാജിനെ സിക്സിന് ഒരിക്കൽ സിക്സിന് പറത്തി ആക്രമണോത്സുകത നിലനിർത്തിയതിനിടെ മഴയെത്തി. കളി തുടങ്ങിയ ഉടൻ ഇംഗ്ലണ്ട് 23 റൺസ് ലീഡ് നേടി എല്ലാവരും പുറത്തായി.
