Kerala
സര്‍ക്കാര്‍ അഭിഭാഷകർക്ക് വൻ ശമ്പളവർധന; 22,500 രൂപ വരെ കൂട്ടി; 2022 മുതല്‍ മുൻകാല പ്രാബല്യം

തിരുവനന്തുരം: സർക്കാർ അഭിഭാഷകരുടെ പ്രതിമാസ വേതനം 22,500 രൂപ വരെ വർധിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ജില്ല ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷനൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് എന്നിവരുടെ വേതനമാണ് വർധിപ്പിക്കുന്നത്. ജില്ല ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ വേതനം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും അഡീഷനൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുടേത് 75,000 രൂപയിൽ നിന്നും 95,000 രൂപയായും പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിലുള്ളവരുടേത് 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് വർധിപ്പിക്കുക. 2022 ജനുവരി ഒന്ന് മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് വർധന.
