National

മുംബൈയിലും കനത്ത മഴ: തെരുവുകൾ വെള്ളത്തിനടിയിൽ; ട്രെയ്ൻ, റോഡ് ഗതാഗതം മന്ദഗതിയിൽ

മുംബൈ: നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും രാത്രിയിൽ നിർത്താതെ പെയ്ത കനത്ത മഴയെത്തുടർന്ന് മുംബൈയിലെ തെരുവുകൾ വെള്ളത്തിനടിയിലായി. മുംബൈയിലും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.മാഹിം, താനെ, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിഴക്കൻ, പടിഞ്ഞാറൻ എക്സ്പ്രസ് ഹൈവേകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമായി.തുടർച്ചയായ മഴയെത്തുടർന്ന് മിഥി നദിയിലെ ജലനിരപ്പ് ഉയർന്നു. ദിവസം മുഴുവൻ മഴ തുടർന്നാൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. സമുദ്രനിരപ്പ് 3.32 മീറ്ററിലെത്താൻ സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതേസമയം, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിവാസികളോട് അഭ്യർഥിച്ചു. ദുരന്തനിവാരണ സംഘങ്ങൾ ജാഗ്രത പാലിക്കുകയും സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മഴവെള്ളം ഒഴുക്കിവിടാനുള്ള മാർഗങ്ങൾ കണ്ടെത്തുകയും വേണം. മുംബൈയുടെ ജീവനാഡിയായി കണക്കാക്കപ്പെടുന്ന ലോക്കൽ ട്രെയിനുകൾ ചില ഭാഗങ്ങളിൽ ചെറിയ കാലതാമസത്തോടെയാണ് ഓടുന്നത്. എന്നാൽ, സബർബൻ സർവിസുകൾ പ്രവർത്തനക്ഷമമായിരുന്നു. ഗതാഗത തടസ്സത്തിനും വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രതയോടെ യാത്രകൾ ആസൂത്രണം ചെയ്യണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു.തുടർച്ചയായ മഴയും ശക്തമായ കാറ്റും തുടരുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ മഴയുടെയും വേലിയേറ്റത്തിന്റെയും ഇരട്ട വെല്ലുവിളികളുമായി നഗരം മല്ലിടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button