National

കോളുകൾ ഇടയ്ക്ക് വെച്ച് മുറിയുന്നു; മൊബൈൽ കമ്പനിക്ക് പണി കൊടുത്ത് കർഷകൻ, 45 ദിവസത്തിനകം നഷ്ടപരിഹാരം നൽകണം

ചണ്ഡിഗഡ്: സംസാരത്തിനിടെ ഫോൺ കോളുകൾ ഇടയ്ക്ക് വെച്ച് മുറിഞ്ഞു പോകുന്ന പ്രശ്നത്തിന്റെ പേരിൽ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച കർഷന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ഒൻപത് ശതമാനം പലിശ ഉൾപ്പെടെ 45 ദിവസത്തിനകം മൊബൈൽ കമ്പനി ഈ തുക നൽകണമെന്നാണ് കമ്മീഷൻ ഉത്തരവിൽ പറയുന്നത്.  ഹരിയാനയിലെ ചർഖി ജില്ലയിലാണ് മൊബൈൽ കമ്പനിക്കെതിരെ നിർണായക വിധിയുണ്ടായത്. പലയിടങ്ങളിലും മൊബൈൽ ഫോൺ കോളുകൾ മുറിഞ്ഞുപോകുന്ന പ്രശ്നമുണ്ടെന്ന് പരാതിക്കാരൻ പറഞ്ഞു.  നാട്ടുകാരൊക്കെ ഈ കാര്യത്തിൽ പൊറുതി മുട്ടിയപ്പോൾ മൊബൈൽ കമ്പനിയെ പാഠം പഠിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് ഒരു കർഷൻ തന്നെയായിരുന്നു. അഭിഭാഷകൻ സഞ്ജീവ് തക്ഷക് മുഖേന ദാദ്രി കൺസ്യൂമർ കോടതിയിൽ കേസ് ഫയൽ ചെയ്തു. വോഡഫോൺ കമ്പനിയുടെ സിം കാർഡാണ് പരാതിക്കാരൻ ഉപയോഗിച്ചിരുന്നത്. ഫോൺ കോളുകളുടെ പ്രശ്നം സംബന്ധിച്ച് കമ്പനിയുടെ കസ്റ്റമർ കെയർ ഹെൽപ്പ് ലൈനിൽ പരാതി നൽകിയിരുന്നു. കാര്യമായ നടപടിയൊന്നും ഉണ്ടാവാതിരുന്നപ്പോൾ 2022 മാർച്ച് മാസം ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. ഇരുഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ച കോടതി കഴിഞ്ഞ ദിവസമാണ് വിധി പറഞ്ഞത്. മൊബൈൽ കമ്പനിയുടെ സേവനത്തിലെ വീഴ്ച കാരണം ഉപഭോക്താവിന് മാനസികവും ശാരീരികയും സാമ്പത്തികവുമായ പ്രയാസങ്ങൾ ഉണ്ടായതായി കോടതി വിലയിരുത്തി. ഇതിന് പരിഹാരമായി 45 ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button