National

സമ്മാനത്തിനായി സുഹൃത്തുക്കളുമായി ബെറ്റു വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; സ്‍ഫോടനത്തിൽ ദാരുണാന്ത്യം

ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്ന യുവാവിന് പൊട്ടിത്തെറിയിൽ ദാരുണാന്ത്യം. ദീപാവലി ആഘോഷങ്ങൾക്കിടെ ബംഗളുരുവിലായിരുന്നു സംഭവം. 32കാരനായ ശബരീഷ് എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദീപാവലി ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി എല്ലാവരും മദ്യപിച്ച ശേഷം പടക്കം പൊട്ടിക്കാൻ തുടങ്ങി. ഇതിനിടെയായിരുന്നു ബെറ്റ് വെച്ചത്. ശക്തിയേറിയ പടക്കത്തിന് തീ കൊടുത്ത ശേഷം കാർഡ് ബോർഡ് കൊണ്ട് മൂടി അതിന് മുകളിൽ ഇരിക്കണമെന്നായിരുന്നു ആവശ്യം. ഇങ്ങനെ ചെയ്താൽ ഒരു പുതിയ ഓട്ടോറിക്ഷയായിരുന്നു സുഹൃത്തുക്കൾ സമ്മാനമായി പറ‌ഞ്ഞിരുന്നത്. ശബരീഷ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായി.  ചതുരാകൃതിയിലുള്ള ഒരു പെട്ടിക്ക് മുകളിൽ ശബരീഷ് ഇരിക്കുന്നത് വീഡിയോയിൽ കാണാം. സുഹൃത്തുക്കൾ ആദ്യം ഒപ്പം നിൽക്കുന്നു. ഒരാൾ പടക്കത്തിന് തീ കൊളുത്തിയ ശേഷം എല്ലാവരും ഓടി മാറി. അൽപ നേരം കഴിഞ്ഞ് പടക്കം പൊട്ടി. പിന്നാലെ സുഹൃത്തുക്കൾ തിരിച്ചെത്തി. കുറച്ച് നേരം പെട്ടിയുടെ മുകളിൽ തന്നെ ഇരിക്കുന്ന യുവാവ് പിന്നീട് കുഴഞ്ഞ് റോഡിലേക്ക് വീഴുന്നതാണ് വീഡിയോയിലുള്ളത്.  സ്‍ഫോടനത്തിന്റെ ആഘാതത്തിൽ യുവാവിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് മരണ കാരണമായിട്ടുണ്ടാവണം. പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തു. ശബരീഷിന്റെ ആറ് സുഹൃത്തുക്കളെ പൊലീസ് പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കിയതായി സൗത്ത് ബംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ലോകേഷ് ജഗലസർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button