World

ലോസ് ആഞ്ചെലെസില്‍ തീയണയ്ക്കാന്‍ ‘പിങ്ക് പൊടി’ വിതറുന്നു; എന്താണ് ആ പദാര്‍ഥം?

ലോസ് ആഞ്ചെലെസ്: അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചെലെസില്‍ പടര്‍ന്നുപിടിച്ച തീപ്പിടുത്തങ്ങൾ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പാലിസേഡിസ് തീപ്പിടുത്തം പതിനഞ്ച് ശതമാനത്തോളം നിയന്ത്രണ വിധേയമായെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഈറ്റൺ തീപ്പിടുത്തം മുപ്പത്തിമൂന്ന് ശതമാനത്തോളവും ഇതുവരെ അണയ്ക്കാനായി. ലോസ് ആഞ്ചെലെസിലെ വിവിധയിടങ്ങളില്‍ പിങ്ക് നിറത്തിലുള്ള ഒരു പൊടി അഗ്നിമേഖലകള്‍ക്ക് മുകളില്‍ വിതറിയാണ് പ്രധാനമായും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. എന്താണ് പിങ്ക് നിറത്തിലുള്ള ഈ പൗഡര്‍? ദക്ഷിണ കാലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ഒരു പിങ്ക് പൊടിയേയാണ്. വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഇത് അഗ്നിബാധയിടങ്ങളില്‍ വ്യാപകമായി വിതറുകയാണ് ചെയ്യുന്നത്. ഇതിനകം ലോസ് ആഞ്ചെലെസിന്‍റെ ആകാശത്ത് വിതറിയ ടണ്‍കണക്കിന് കിലോഗ്രാം പിങ്ക് പൗഡര്‍ എന്താണ്? Phos-Chek എന്ന പദാര്‍ഥമാണ് അഗ്നിശമനത്തിനായി ജലത്തിന് പുറമെ ലോസ് ആഞ്ചെലെസില്‍ ഉപയോഗിക്കുന്നത്. 1963 മുതല്‍ അമേരിക്കയില്‍ ഉപയോഗിച്ചുവരുന്ന പ്രധാന അഗ്നിശമന പദാര്‍ഥങ്ങളില്‍ ഒന്നാണിത്. പെരിമീറ്റര്‍ എന്ന കമ്പനിയാണ് ഈ പിങ്ക് പൗഡറിന്‍റെ നിര്‍മാതാക്കള്‍. കാലിഫോര്‍ണിയ ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ വിഭാഗം വ്യാപകമായി ഉപയോഗിച്ച് വരുന്ന ഫോസ്-ചെക്ക് ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന അഗ്നിശമന പദാര്‍ഥം കൂടിയാണ് എന്ന് അസോസിയേറ്റഡ് പ്രസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  കഴിഞ്ഞ ആഴ്‌ച മുതല്‍ ലോസ് ആഞ്ചെലെസില്‍ പടരുന്ന കാട്ടുതീ അണയ്ക്കാന്‍ ഈ പിങ്ക് പദാര്‍ഥം ആകാശത്ത് നിന്ന് വിതറുന്നതിന്‍റെ നിരവധി വീഡിയോകളും ഫോട്ടോകളും ആഗോള മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. Phos-Chek പ്രകൃതിക്ക് ദോഷമാണ് എന്ന തരത്തില്‍ വിമര്‍ശനം മുമ്പ് ശക്തമായിട്ടുണ്ട്. ജലം മലിനപ്പെടുത്തുന്നത് അടക്കമുള്ള പ്രത്യാഘാതങ്ങളാണ് ഫോസ്-ചെക്കിന് അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button