
മീററ്റ്: കടം വാങ്ങിയ ശേഷം തിരിച്ചുകൊടുക്കാത്ത 200 രൂപയുടെ പേരിൽ ക്രൂര മർദനമേറ്റ യുവാവ് മരിച്ചു. കല്ലുകളും വടികളും ഉപയോഗിച്ചുള്ള മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ 40കാരൻ 18 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഇതിനിടെ ഇയാളുടെ അവസ്ഥ അറിഞ്ഞ് ആരോഗ്യസ്ഥിതി മോശമായ 70കാരനായ പിതാവും മരണപ്പെട്ടതായി ബന്ധുക്കൾ ആരോപിച്ചു. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് ദാരുണമായ സംഭവം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഭവൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജയ് ഭീം നഗർ സ്വദേശിയായ ഹൊഷിയാർ സിങ് വാൽമീകി തന്റെ അയൽവാസിയായ വികാസ് കുമാറിൽ നിന്ന് 500 രൂപ കടം വാങ്ങിയിരുന്നു. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഹൊഷിയാർ പിന്നീട് ഇതിൽ 300 രൂപ മടക്കി നൽകിയെങ്കിലും ബാക്കി 200 രൂപ നൽകാൻ കഴിഞ്ഞില്ല. ജനുവരി 9ന് വികാസ് കുമാറും അയാളുടെ ഏതാനും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ വിജനമായ ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ചുവെന്ന് സഹോദരൻ പറഞ്ഞു. തലയ്ക്കും വയറിനും പരിക്കേറ്റു. ഗുതുതരാവസ്ഥയിൽ മീററ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ 18 ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. ഇതിനിടെ മകന്റെ അവസ്ഥ അറിഞ്ഞ് അതീവ ദുഃഖത്തിലായ പിതാവ് ജനുവരി 20ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസം യുവാവും മരിച്ചു. മർദനമേറ്റ് പത്ത് ദിവസം കഴിഞ്ഞാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും നാട്ടുകാർ ആരോപിച്ചു. ഇതേസമയം ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും വികാസ് കുമാർ (24), ലാല (23) എന്നിവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അവശേഷിക്കുന്ന രണ്ട് പേർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
