Sports

മൂന്നാം ഏകദിനത്തിലും ഗംഭീര ജയം, ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ; ചാമ്പ്യൻസ് ട്രോഫി ഒരുക്കം പൂര്‍ണം

അഹമ്മദാബാദ്: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ. ജയത്തോടെ മൂന്ന് മത്സര പരമ്പര 3-0ന് തൂത്തുവാരിയ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഒരുക്കം ഗംഭീരമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 34.2 ഓവറില്‍ 214 റണ്‍സിന് ഓള്‍ ഔട്ടായി.38 റണ്‍സ് വീതമെടുത്ത ടോം ബാന്‍റണും ഗുസ് അറ്റ്കിന്‍സണുമാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍മാര്‍. ഇന്ത്യക്കായി അര്‍ഷദീപ് സിംഗും ഹര്‍ഷിത് റാണയും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 356ന് ഓള്‍ ഔട്ട്, ഇംഗ്ലണ്ട് 34.2 ഓവറില്‍ 214ന് ഓള്‍ ഔട്ട്. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് ആറോവറില്‍ 60 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു. എന്നാല്‍ ഏഴാം ഓവറില്‍ അര്‍ഷ്ദീപ് സിംഗ് ബെന്‍ ഡക്കറ്റിനെ(22 പന്തില്‍ 34) പുറത്താക്കിയതിന് പിന്നാലെ ഇംഗ്ലണ്ടിന് അടിതെറ്റി. പിന്നാലെ ഫില്‍ സാള്‍ട്ടിനെ(21 പന്തില്‍ 23)യും അര്‍ഷ്ദീപ് തന്നെ മടക്കി.  ടോം ബാൻറണും(41 പന്തില്‍ 38) ജോ റൂട്ടും(29 പന്തില്‍ 24) ഇംഗ്ലണ്ടിനെ 100 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും ബാന്‍റണെ കുല്‍ദീപും റൂട്ടിനെ അക്സറും വീഴ്ത്തി. ഹാരി ബ്രൂക്ക്(19) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കും(6) ഒന്നും ചെയ്യാനായില്ല. ലിയാം ലിവിംഗ്സ്റ്റണെ(9) വാഷിംഗ്ട്ണ്‍ സുന്ദര്‍ പുറത്താക്കിയപ്പോള്‍ 19 പന്തില്‍ 38 റണ്‍സടിച്ച് തകര്‍ത്തടിച്ച അറ്റ്കിന്‍സൺ ഇംഗ്ലണ്ടിന്‍റെ തോല്‍വിഭാരം കുറച്ചു. ആദില്‍ റഷീദിനെയും മാര്‍ക്ക് വുഡിനെയും മടക്കം ഹാര്‍ദ്ദിക് പാണ്ഡ്യ ഇംഗ്ലണ്ടിന്‍റെ പോരാട്ടം അവസാനിപ്പിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയുടെയും(112), വിരാട് കോലി(52), ശ്രേയസ് അയ്യര്‍(64 പന്തില്‍ 78) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കെഎല്‍ രാഹുല്‍(29 പന്തില്‍ 40), ഹാര്‍ദ്ദിക് പാണ്ഡ്യ(9 പന്തില്‍ 17) ബാറ്റിംഗ് മികവിലാണ് മികച്ച സ്കോര്‍ ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(1) നിരാശപ്പെടുത്തിയപ്പോള്‍ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയുടെ ഫിനിഷിംഗിനെ ബാധിച്ചു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലു വിക്കറ്റെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button