കർണാടകയിൽ കേരളാ പൊലീസിന്റെ തട്ടിപ്പ്, ഒടുവിൽ പൂട്ടുവീണു; ഇഡി ഉദ്യോഗസ്ഥനെന്ന വ്യാജേന 3 കോടി തട്ടിയ എഎസ്ഐക്ക് സസ്പെൻഷൻ

തൃശൂർ: ഇഡി ഉദ്യോഗസ്ഥൻ എന്ന വ്യാജേന റെയ്ഡ് നടത്തി മൂന്ന് കോടി രൂപ തട്ടിയെടുത്ത ഗ്രേഡ് എഎസ്ഐക്ക് സസ്പെൻഷൻ. തട്ടിപ്പ് സംഘത്തിലെ മുഖ്യ സൂത്രധാരനായ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഷഫീർ ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്. കർണാടക സ്പീക്കറുടെ ബന്ധുവിട്ടീൽ നിന്നാണ് എഎസ്ഐ പണം തട്ടിയത്. തൃശൂർ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കി.
ഇഡി ഉദ്യോഗസ്ഥനായി ചമഞ്ഞ് ദക്ഷിണ കർണാടകയിലെ ഒരു വീട്ടിലെത്തി പരിശോധന നടത്തുകയും മൂന്നരക്കോടി രൂപയോളം തട്ടിയെടുക്കുകയും ചെയ്തു. വളരെ വിദഗ്ധമായാണ് സംഘം കുടുംബത്തെ കബളിപ്പിച്ചത്. ആറംഗ സംഘമാണ് ഇഡി ഉദ്യോഗസ്ഥർ എന്ന വ്യാജേന വീട്ടിലെത്തിയത്.
തട്ടിപ്പ് സംഘം വീട്ടിൽ നിന്ന് പോയതിന് ശേഷമാണ് തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് കുടുംബത്തിന് മനസിലായത്. ഉടൻ തന്നെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യ സൂത്രധാരൻ മലയാളിയാണെന്ന് വ്യക്തമായത്.
ഷഫീറിനെ കർണാടക പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുട പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
