CrimeKerala

ട്രെയിനിൽ സൗഹൃദം സ്ഥാപിച്ചു, പിന്നാലെ വീട്ടിലെത്തി ദമ്പതികളെ മയക്കിക്കെടത്തി സ്വർണ്ണം കവർന്നു; പ്രതി പിടിയിൽ

മലപ്പുറം: പട്ടാപ്പകൽ വീട്ടിൽ ദമ്പതികളെ മയക്കി കിടത്തി ആറ് പവൻ സ്വർണം മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷയെ മലപ്പുറം വളാഞ്ചേരി പൊലീസാണ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നുമാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസമാണ് വളാഞ്ചേരി കോട്ടപ്പുറം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രൻ, ഭാര്യ ചന്ദ്രമതി എന്നീ വൃദ്ധ ദമ്പതികളെ ജ്യൂസിൽ മയക്ക് ഗുളിക ചേർത്ത് മയക്കി കിടത്തി സ്വർണം കവർന്നത്. ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച യുവാവ് വീട്ടിലെത്തി വൃദ്ധ ദമ്പതികളെ മയക്കിക്കിടത്തി സ്വര്‍ണ്ണം കവരുകയായിരുന്നു. മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് യുവാവ് ദമ്പതികളെ പരിചയപ്പെട്ടത്. നേവി ഉദ്യോഗസ്ഥൻ നീരജ് എന്ന് സ്വയം  പരിചയപ്പെടുത്തി. ഇരുവർക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നൽകി. ദമ്പതിമാരോട് രോഗ വിവരം ചോദിച്ചറിഞ്ഞ ഇയാൾ കുറഞ്ഞ ചിലവിൽ നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് ഇരുവരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേദിവസം എല്ലാം ശരിയായെന്നും ചികിത്സയുടെ രേഖകള്‍ ശേഖരിക്കാന്‍ വീട്ടില്‍ വരാമെന്നും പറഞ്ഞ് ഫോണ്‍ ചെയ്ത് വളാ‌ഞ്ചേരിയിലെ വീട്ടിലെത്തി.  യുവാവ് താന്‍ കൊണ്ടുവന്ന ഫ്രൂട്ട്‌സ് ഉപയോഗിച്ച് സ്വയം ജ്യൂസ് തയ്യാറാക്കി ഇരുവര്‍ക്കും നല്‍കി. തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റെയാണെന്ന് പറഞ്ഞ് ഓരോ ഗുളികയും നല്‍കി. ഇതോടെ ഇരുവരും മയങ്ങി വീഴുകയും കവര്‍ച്ച നടത്തി യുവാവ് സ്ഥലം വിടുകയുമായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് ഇവർക്ക് ചതി മനസ്സിലായത്. തുടര്‍ന്ന് ഇരുവരും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button