കമ്പനിയുടെ രഹസ്യ വിവരങ്ങൾ ചോർത്തി; 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ, കൂടുതൽ ജീവനക്കാർക്കെതിരെ നടപടി

ദില്ലി:ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമസ്ഥരായ സോഷ്യൽ മീഡിയ ഭീമൻ മെറ്റ 20 ജീവനക്കാരെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. കമ്പനിയുടെ രഹസ്യ വിവരങ്ങൾ ചോർത്തിയ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് ഏകദേശം 20 ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. ഇനിയും കൂടുതൽ പേരെ പിരിച്ചുവിട്ടേക്കാമെന്നും മെറ്റ പറയുന്നു. “കമ്പനിയിൽ ചേരുമ്പോൾ ഞങ്ങൾ ജീവനക്കാരോട് പറഞ്ഞിരുന്നു എന്ത് ഉദ്ദേശ്യത്തോടെയായാലും ആന്തരിക വിവരങ്ങൾ ചോർത്തുന്നത് ഞങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന്. ഇതുസംബന്ധിച്ച് ഇടയ്ക്കിടെ ഓർമ്മപ്പെടുത്തലുകൾ നൽകുകയും ചെയ്തിരുന്നു,” മെറ്റ വക്താവ് ഡേവ് ആർനോൾഡ് ദി വെർജിനോട് പറഞ്ഞു. “കമ്പനിക്ക് പുറത്ത് രഹസ്യ വിവരങ്ങൾ പങ്കുവെച്ചതിന് ഒരു അന്വേഷണം ഞങ്ങൾ അടുത്തിടെ നടത്തി, ഏകദേശം 20 ജീവനക്കാരെ പിരിച്ചുവിട്ടു. സംഭവത്തിൽ കൂടുതൽ പേർ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇത് ഗൗരവമായി കാണുന്നു, ചോർച്ചകൾ തിരിച്ചറിയുമ്പോൾ നടപടിയെടുക്കുന്നത് തുടരും.” കമ്പനി കൂട്ടിച്ചേർത്തു. അടുത്തിടെയായി മെറ്റയ്ക്ക് ധാരാളം ചോർച്ചകൾ നേരിടേണ്ടി വന്നിട്ടുണ്ട്. മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിൽ നടന്ന സ്വകാര്യ മീറ്റിംഗുകളിൽ നിന്നുള്ള വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ആ മീറ്റിംഗിന് ശേഷം, വിവരങ്ങൾ പങ്കിടരുതെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. പക്ഷേ ആ മുന്നറിയിപ്പും ചോർന്നത് കമ്പനിയെ ഞെട്ടിച്ചു. കഴിഞ്ഞ ആഴ്ചകളിൽ ജീവനക്കാരുമായുള്ള കൂടിക്കാഴ്ചകളിൽ, “എല്ലാം ചോർന്നുപോകുന്നു, ഇത് വളരെ നിരാശാജനകമാണ്” എന്നതിനാൽ താൻ ഇനി തുറന്ന് സംസാരിക്കില്ലെന്നും സക്കർബർഗ് പറഞ്ഞിരുന്നു. വരാനിരിക്കുന്ന വർഷത്തേക്ക് തയ്യാറാകാൻ അദ്ദേഹം ജീവനക്കാരോട് പറഞ്ഞതും പുറത്തുവന്നു. അതേസമയം എന്താണ് ചോർന്നതെന്നോ ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നോ മെറ്റ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. മെറ്റയിൽ രാഷ്ട്രീയ സമ്മർദ്ദവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മെറ്റാ ഉടമയായ മാർക്ക് സക്കർബർഗ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടുള്ള രാഷ്ട്രീയ ചായ്വുകളെച്ചൊല്ലി ചോദ്യങ്ങൾ നേരിടുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. 2025 മുതൽ മെറ്റാ വലിയ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. കമ്പനി ഇതുവരെ 3,600 ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഈ പിരിച്ചുവിടലിലൂടെ, കമ്പനിയിൽ നിന്ന് അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ കഴിഞ്ഞു. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ ഒഴിവാക്കുന്നതാണ് പിരിച്ചുവിടലിനുള്ള കാരണമായി മാർക്ക് സക്കർബർഗ് പറയുന്നത്.
