ഒരു മയം വേണ്ടേ! പരസ്യത്തിൽ ഡിസ്ക്കൗണ്ട്, ഈടാക്കിയത് അധിക വില; ആമസോണിന്‍റെ ‘ചെവിക്ക് പിടിച്ച്’ ഉപഭോക്തൃ കമ്മീഷൻ

കൊച്ചി: ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അധിക വില ഈടാക്കിയ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിന് 15,000 രൂപ പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷ൯. എറണാകുളത്തെ അഭിഭാഷകനും നോട്ടറിയുമായ കെ എ അലക്സാണ്ടർ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ചുവന്ന നിറത്തിലുള്ള 100 നോട്ടറി ലേബൽ ഓൺലൈനിൽ പരാതിക്കാരൻ ഓർഡർ ചെയ്തു. എന്നാൽ, ഉൽപ്പന്നം വാങ്ങിയപ്പോൾ 450 രൂപ നൽകാൻ നിർബന്ധിതനായി. 100 നോട്ടറി സിംബലിന് 98 രൂപയാണ് നൽകേണ്ടതെന്ന് പിന്നീട് പരാതിക്കാരന് ബോധ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി കബളിപ്പിക്കുകയാണ് എതിർ കക്ഷി ചെയ്തതെന്ന് ബോധ്യമായപ്പോഴാണ് പരാതിക്കാരനായ അഭിഭാഷകൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഡിസ്കൗണ്ട് നിരക്ക് പരസ്യം ചെയ്ത് പിന്നീട് അധിക തുക ഈടാക്കി ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. പരാതിക്കാരനോട് അധികമായി വാങ്ങിയ 352 രൂപ തിരിച്ചു നൽകണം. കൂടാതെ 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരൻ നൽകണമെന്ന് കമ്മീഷ൯ ഉത്തരവ് നൽകി. പരാതിക്കാരനു വേണ്ടി അഡ്വ. ആർ രാജ രാജവർമ്മ കമ്മീഷ൯ മുമ്പാകെ ഹാജരായി.
