KeralaSpot light

അപസ്‌മാരത്തിന് തലയോട്ടി തുറന്ന് നിലമ്പൂർ സ്വദേശി യുവതിക്ക് ശാസ്‌ത്രക്രിയ; കോഴിക്കോട് മെഡിക്കൽ കോളജിന് അപൂർവ നേട്ടം,ശസ്ത്രക്രിയ പൂർത്തീകരിച്ചത് ആറുമണിക്കൂറിലേറെയെടുത്ത്

അപസ്‌മാരത്തിന് തലയോട്ടി തുറന്ന് ശസ്‌ത്രക്രിയ; കോഴിക്കോട് മെഡിക്കൽ കോളജിന് അപൂർവ നേട്ടം
രാജ്യത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ അത്യപൂർവമായി നടന്നിട്ടുള്ള ശസ്ത്രക്രിയ പൂർത്തീകരിച്ചത് ആറുമണിക്കൂറിലേറെയെടുത്ത്

കോഴിക്കോട്: തലയോട്ടി തുറന്നുളള ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജ്. തലയോട്ടി തുറന്ന് തലച്ചോറിൽ ഇലക്ട്രോ കോർട്ടിക്കോ ഗ്രാഫ് (ഇസിഒജി) ഘടിപ്പിച്ച് വൈദ്യുത ഉത്തേജനത്തിൻ്റെ അധികതോത് പരിശോധിച്ചുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്.

രാജ്യത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ അത്യപൂർവമായി നടന്നിട്ടുള്ള ഒരു അപസ്‌മാര ശസ്ത്രക്രിയയ്‌ക്കാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. കേരളത്തിൽ ഒരു സർക്കാർ മെഡിക്കൽ കോളജിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. അപസ്‌മാര രോഗം കാരണം വർഷങ്ങളായി ബുദ്ധിമുട്ടനുഭവിക്കുന്ന നിലമ്പൂർ സ്വദേശി ഇരുപത്തിയഞ്ച് വയസുകാരിയായാ യുവതിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്‌ടർമാർ അറിയിച്ചു.

വീഡിയോ ഇഇജി, എംആർഐ, പെറ്റ് സ്‌കാൻ, ന്യൂറോ സൈക്കോളജിക്കൽ പരിശോധനകൾ എല്ലാം നടത്തി. അതിലൂടെ അപസ്‌മാരത്തിൻ്റെ പ്രഭവകേന്ദ്രം തലച്ചോറിലെ ഒരിടം തന്നെയാണെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ അപസ്‌മാര ശസ്ത്രക്രിയ നടത്തുകയുള്ളൂ. അതോടൊപ്പം ഈ പ്രഭവകേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തുന്നത് കണ്ണ് ഉൾപ്പെടെ ശരീരത്തിൻ്റെ ഏതെങ്കിലും പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്നുകൂടി വിലയിരുത്തേണ്ടതുണ്ടായിരുന്നു.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ലീഡുകളും ഏരിയ ആക്കുറസിയും എക്‌സ്‌ട്രാ ഫോക്കസും നടത്തിയാണ് അപസ്‌മാര ശാഖകൾ കണ്ടെത്തിയതെന്ന് മെഡിക്കൽ കോളജ് ന്യൂറോസർജറി വിഭാഗം പ്രൊഫസർ ഡോ. വി എം പവിത്രൻ നപറഞ്ഞു.

അപസ്‌മാരത്തിന് കാരണമായേക്കാവുന്ന തലച്ചോറിലെ പ്രശ്‌നബാധിത സ്ഥാനം കണ്ടെത്തി, അവിടെ ശസ്ത്രക്രിയ നടത്തി പരിഹാരമുണ്ടാകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ചില സ്വകാര്യ ആശുപത്രികളിൽ ഇത് ചെയ്യുന്നുണ്ടെങ്കിലും ലക്ഷങ്ങൾ ചെലവ് വരും. അപസ്‌മാര ശസ്ത്രക്രിയ പത്ത് വർഷം മുമ്പ് ഡോ. ജയിംസ് ജോസ്, ഡോ. ജേക്കബ് ആലപ്പാട്, ഡോ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ആരംഭിച്ചിരുന്നെങ്കിലും ഇലക്ട്രോ കോർട്ടിക്കോ ഗ്രാമിൻ്റെ സഹായത്തോടെ നടന്നത് ഇപ്പോഴാണ്.

മെഡിക്കൽ കോളജ് ന്യൂറോസർജറി വിഭാഗം പ്രൊഫസർ ഡോ. വി എം പവിത്രൻ, അസോ. പ്രൊഫ. ഡോ. പി അബ്‌ദുൾ ജലീൽ, ന്യൂറോ മെഡിസിൻ വിഭാഗം അസി. പ്രൊഫ. ഡോ. നീത ബാലറാം എന്നിവരുൾപ്പെട്ട സംഘത്തിൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ആറുമണിക്കൂറിലേറെയെടുത്താണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്. ന്യൂറോ സർജറി മേധാവി ഡോ. പ്രകാശൻ, ന്യൂറോ മെഡിസിൻ മേധാവി ഡോ. ബീന വാസന്തി, അസി. പ്രൊഫസർമാരായ ഡോ. സുഷ, ഡോ. സുഷിഭ എന്നിവരും മേൽനോട്ടം വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button