Business

ഇതെന്താ പവര്‍ബാങ്കോ! 7320 എംഎഎച്ച് ബാറ്ററി കരുത്തുള്ള സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ വിവോ

ബെയ്‌ജിങ്: വിവോയുടെ വൈ300 സീരീസില്‍ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോയില്‍ വന്ന ലീക്ക് പ്രകാരം വിവോ വൈ300 പ്രോ+ (Vivo Y300 Pro+) എന്നായിരിക്കും ഈ മൊബൈലിന്‍റെ പേര്. 7320mAh-ന്‍റെ അതിശയിപ്പിക്കുന്ന ബാറ്ററി കപ്പാസിറ്റി വിവോ വൈ300 പ്രോ+ ഫോണിന് വരുമെന്നതാണ് ഏറ്റവും ആകാംക്ഷ സൃഷ്ടിക്കുന്ന വിവരം. ഈ ഫോണിനെ കുറിച്ചുള്ള മറ്റ് അഭ്യൂഹങ്ങള്‍ ഇങ്ങനെ.  വിവോ വൈ300 പ്രോ+ സ്മാര്‍ട്ട്ഫോണിനെ കുറിച്ച് വൈബോയില്‍ ടിപ്സ്റ്റര്‍ പാണ്ട പുറത്തുവിട്ട വിവരങ്ങള്‍ ആകര്‍ഷകമാണ്. ക്വാല്‍കോമിന്‍റെ സ്നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്‌സെറ്റാണ് Vivo Y300 Pro+ന് പറയപ്പെടുന്നത്. വിവോ വൈ300 പ്രോയ്ക്ക് സ്നാപ്‌ഡ്രാഗണ്‍ 6 ജനറേഷന്‍ 1 ചിപ്പാണ് ഉണ്ടായിരുന്നത്. 7,320 എംഎഎച്ച് കരുത്തിലുള്ള ബാറ്ററി തന്നെയാണ് പ്രോ പ്ലസ് ഫോണിന്‍റെ ഏറ്റവും വലിയ കൗതുകം. ക്യാമറ ഫീച്ചറുകളിലേക്ക് വന്നാല്‍ 50 എംപിയായിരിക്കും വിവോ വൈ300 പ്രോ പ്ലസിന്‍റെ പ്രധാന ക്യാമറ. സെക്കന്‍ഡറി ക്യാമറയുടെ വിവരങ്ങള്‍ ടിപ്‌സ്റ്റര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 32 എംപിയുടെ ഫ്രണ്ട് ക്യാമറ പ്രതീക്ഷിക്കുന്നു. വിവോ വൈ300 പ്രോയിലെ സമാന മുന്‍ ക്യാമറയാണ് പ്രോ+ വേരിയന്‍റിലും പറയപ്പെടുന്നത്. വിവോ വൈ300 പ്രോ+യുടെ ഡിസ്‌പ്ലെ സൈസ്, മെമ്മറി, മറ്റ് സ്പെസിഫിക്കേഷനുകള്‍ എന്നിവയും പുറത്തുവരുന്നതേയുള്ളൂ.  കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിവോ വൈ300 പ്രോയുമായി താരതമ്യം ചെയ്യുമ്പോള്‍ വിവോ വൈ300 പ്രോ പ്ലസിന് അല്‍പം കൂടുതല്‍ വില പ്രതീക്ഷിക്കാം. വൈ300 പ്രോ ചൈനയില്‍ 8 ജിബി/128 ജിബി അടിസ്ഥാന വേരിയന്‍റിന് 1,799 യുവാന്‍ (ഏതാണ്ട് 21,600 ഇന്ത്യന്‍ രൂപ) എന്ന നിരക്കിലാണ് പുറത്തിറങ്ങിയത്. ലീക്കുകള്‍ വന്നുതുടങ്ങിയെങ്കിലും വിവോ വൈ300 പ്രോ+ എപ്പോള്‍ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button