
ചെങ്ങന്നൂർ: റോഡരികിൽനിന്ന് കളഞ്ഞു കിട്ടിയ എടിഎം കാർഡിൽ നിന്നും പണം തട്ടിയ കേസിൽ ബിജെപി വനിതാ ബ്ലോക്ക് പഞ്ചായത്തംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റിൽ. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗം തിരുവൻവണ്ടൂർ വനവാതുക്കര തോണ്ടറപ്പടിയിൽ വലിയ കോവിലാൽ വീട്ടിൽ സുജന്യ ഗോപി ( 42 ), കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസസിൽ സലിഷ് മോൻ (46) എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ വാഴാർമംഗലം കണ്ടത്തിൽ കുഴിയിൽ വിനോദ് എബ്രഹാമിൻ്റെ പരാതിയിലാണ് കേസ്സെടുത്തുത്.
ഈ കഴിഞ്ഞ 14- ന് രാത്രിയാണ് എടിഎം കാർഡ് അടങ്ങുന്ന വിനോദിൻ്റെ പേഴ്സ് നഷ്ടപ്പെട്ടത്. കല്ലിശ്ശരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്ത് വിട്ട ശേഷം തിരിച്ചു വരുന്ന വഴി പേഴ്സ് നഷ്ടപ്പെടുകയായിരുന്നു. ഓട്ടോ ഡ്രൈവറായ സലിഷ് മോന് പേഴ്സ് ലഭിച്ചു. ഈ വിവരം സലിഷ് സുജന്യയെ അറിയിച്ചു.
തുടർന്ന് ഇരുവരും ചേർന്ന് 15- നു രാവിലെ ആറിനും എട്ടിനും ഇടയിൽ ബുധനുർ, പാണ്ടനാട്, മാന്നാർ ഭാഗങ്ങളിലേ എടിഎം കൗണ്ടറുകളിൽ ബൈക്കിൽ എത്തി 25,000 രൂപയോളം പിൻവലിച്ചു . എടിഎം കാർഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിൻ നമ്പർ ഉപയോഗിച്ചാണ് തുക പിൻവലിച്ചതെന്ന് പോലീസ് പറയുന്നു.
തുക പിൻവലിച്ചതായി കാട്ടി ബാങ്കിൻ്റെ മെസേജുകൾ വിനോദിന് ഫോണിൽ ലഭിച്ചതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
