8 വർഷം കൊണ്ട് പൊളിഞ്ഞ് പഞ്ചായത്തും ഹൗസിങ് ബോർഡും നിർമ്മിച്ച ഫ്ലാറ്റ്; എങ്ങോട്ട് പോകുമെന്നറിയാതെ 24 കുടുംബങ്ങൾ

കൊച്ചി: പൊതുഖജനാവിലെ പണം ചെലവിട്ട് നിർമിച്ച ഫ്ളാറ്റ് സമുച്ചയം ചുരുങ്ങിയ കാലം കൊണ്ട് പൊളിഞ്ഞതോടെ പെരുവഴിയിലാകുമെന്ന പേടിയിലാണ് ചോറ്റാനിക്കരയിലെ 24 കുടുംബങ്ങള്‍. ചോറ്റാനിക്കര പഞ്ചായത്തിന്‍റെ സാമ്പത്തിക സഹായത്തോടെ ഹൗസിങ് ബോര്‍ഡ് നിര്‍മിച്ച് കൈമാറിയ സാഫല്യം ഫ്ളാറ്റ് സമുച്ചയമാണ് കേവലം എട്ടു വര്‍ഷം കൊണ്ട് വാസയോഗ്യമല്ലാതായത്. ഫ്ളാറ്റ് പൂര്‍ണമായി പൊളിക്കണമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് വന്നതോടെ നിര്‍മാണ കാലത്ത് പഞ്ചായത്ത് ഭരിച്ചിരുന്ന യുഡിഎഫ് ഭരണ സമിതിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തി. ആകെ തകർന്നൊരു വലിയ കെട്ടിടം. ചോറ്റാനിക്കര പഞ്ചായത്തും ഭവന നിര്‍മാണ ബോര്‍ഡും ചേര്‍ന്ന് നിർമിച്ചതാണ് ഫ്ളാറ്റ്. ഇനിയെന്തെന്ന പേടിയിലാണ് പഞ്ചായത്തിനെ വിശ്വസിച്ച് ഫ്ളാറ്റില്‍ കയറി താമസിച്ച പാവപ്പെട്ട 24 കുടുംബങ്ങളിലെ മനുഷ്യര്‍. ഒന്നര കോടിയോളം ചെലവിട്ട് നിർമിച്ച ഫ്ളാറ്റ് സമുച്ചയത്തില്‍ ഇനി അറ്റകുറ്റപ്പണികള്‍ പോലും സാധ്യമല്ലെന്നും ആകെ പൊളിച്ച് കളയണമെന്നുമാണ് തൃശൂര്‍ എന്‍ജിനിയറിംഗ് കോളജില്‍ നിന്നെത്തിയ വിദഗ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. എന്തു ചെയ്യണമെന്നോ എങ്ങോട്ടു പോകണമെന്നോ അറിയാത്ത ഗതികേടിലാണ് താമസക്കാര്‍. ഗുണഭോക്തൃ വിഹിതമായി കുടുംബമൊന്നില്‍ നിന്ന് ഒന്നര ലക്ഷം രൂപ വീതം വാങ്ങിയ ശേഷമായിരുന്നു പഞ്ചായത്ത് ഇങ്ങനെയൊരു പണി കൊടുത്തത്. പഞ്ചായത്ത് ഭരിച്ചിരുന്ന യുഡിഎഫ് ഭരണ സമിതിയില്‍ നിന്ന് നഷ്ടം ഈടാക്കി ഫ്ളാറ്റിന്‍റെ പുനര്‍ നിര്‍മാണം നടത്തണമെന്ന് സ്ഥലം സന്ദര്‍ശിച്ച സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
