ജീവൻ മുറുക്കെപ്പിടിച്ച് കടലിലൂടൊരു പോക്ക്; രക്ഷക്കെത്തി വിഴിഞ്ഞത്തെ ധ്വനി ടഗ്, കപ്പൽ ജീവനക്കാരന് പുതുജീവൻ!

തിരുവനന്തപുരം: ഉൾക്കടലിൽ വച്ച് കണ്ടെയ്നർ കപ്പലിലെ ജീവനക്കാരന് പരിക്ക്. വിഴിഞ്ഞം തുറമുഖം അധികൃതരോട് വൈദ്യസഹായം അഭ്യർഥിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തെ മാരിടൈം ബോർഡ് തുറമുഖത്തെ ധ്വനി ടഗ് കപ്പലിനരികിലെത്തി ജീവനക്കാരനെ കരയിലെത്തിച്ച് ചികിത്സ നൽകി. കപ്പലിലെ ഇന്ത്യാക്കാരനായ ജീവനക്കാരന് ജോലിക്കിടെയാണ് ഇടതു കൈത്തണ്ടയിൽ ആഴത്തിലുള്ള മുറിവുണ്ടായത്. ഞരമ്പുകൾ മുറിഞ്ഞതിനെ തുടർന്ന് മുറിവ് സാരമെന്നുകണ്ടാണ് അടിയന്തര രക്ഷാദൗത്യം നടത്തിയത്. കപ്പലിലെ ഫിറ്റർ ജോലിക്കാരനായ അദ്‌ല കമലേശ്വര റാവു(29)വിനെയാണ് കരയിലെത്തിച്ച് നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ജീവനക്കാരനെ ഇറക്കിയശേഷം കപ്പൽ യാത്ര തുടർന്നു. രാജ്യാന്തര കപ്പൽ ചാനലിലൂടെ പോവുകയായിരുന്ന കണ്ടെയ്നർ കപ്പൽ എം.വി സി.എം.എ ജിജിഎം.വേർഡി എന്ന കപ്പൽ സിങ്കപ്പൂര് നിന്നു ആഫ്രിക്കയിലെ ജിബൂട്ടി തുറമുഖത്തേക്കു പോവുകയായിരുന്നു. വിഴിഞ്ഞം തുറമുഖ പർസർ എസ്.വിനുലാൽ, അസി.പോർട്ട് കൺസർവേറ്റർ അജീഷ് എന്നിവരുടെ നേതൃത്വത്തിൽ ടഗിനെ കടലിലേക്ക് അയച്ചതിനൊപ്പം വാർഫിൽ അടിയന്തര സന്നാഹങ്ങളൊരുക്കി. രാത്രിയോടെ തുറമുഖത്തു കൊണ്ടു വന്ന ജീവനക്കാരനെ നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചു. തലസ്ഥാനം കേന്ദ്രമായുള്ള ഗാങ്‌വേ ഷിപിങ് ആൻഡ് ലോജിസ്റിക്സ് മുഖാന്തിരമായിരുന്നു നടപടികൾ.
