Spot lightWorld

വിമാനത്തേക്കാൾ വേ​ഗത, മണിക്കൂറിൽ 1000 കിലോമീറ്റർ വേ​ഗത്തിലോടുന്ന ട്രെയിൻ; അമ്പരപ്പിക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: സാങ്കേതിക വൈദ​ഗ്ധ്യം കൊണ്ട് ലോകരാജ്യങ്ങളെ എന്നും അതിശയിപ്പിക്കുന്ന രാജ്യമാണ് ചൈന. അത്തരത്തിൽ പുത്തൻ കണ്ടുപിടിത്തവുമായി വീണ്ടും എത്തുകയാണ് രാജ്യം. മണിക്കൂറിൽ 1000 കിലോമീറ്റർ വേ​ഗത്തിലോടുന്ന ട്രെയിൻ അവതരിപ്പിക്കാനാണ് രാജ്യം പദ്ധതിയിടുന്നതെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു. മാഗ്നറ്റിക് ലെവിറ്റേഷൻ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത് സാധ്യമാക്കുക എന്നാണ് റിപ്പോർട്ട്. വേഗതയുള്ളതും, മികച്ചതും, കൂടുതൽ പരിസ്ഥിതി സൗഹൃദവും, ഊർജ്ജക്ഷമതയുള്ളതുമായ ട്രെയിനുകളെ വികസ‍ിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടന്നതെന്ന് ചൈനീസ് റെയിൽവേയെ ഉദ്ധരിച്ച് ദി സൺ റിപ്പോർട്ട് ചെയ്തു. പുതിയ സാങ്കേതിക വിദ്യയിൽ ട്രെയിൻ മണിക്കൂറിൽ 621 മൈൽസ് ( 1000 കിലോമീറ്റർ) വേ​ഗത്തിലായിരിക്കും സഞ്ചരിക്കുക. യാത്രക്കാർക്ക് ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കാനും അധികൃതർ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ട്രെയിൻ ഇതിനകം ചൈനയിൽ പ്രവർത്തിക്കുന്നുണ്ട്. ഷാങ്ഹായിലെ വിമാനത്താവളം മുതൽ സിറ്റി സെൻ്റർ വരെയുള്ള 19 മൈൽ ദൂരം ഏഴ് മിനിറ്റിനുള്ളിലാണ് ഇവ ബന്ധിപ്പിക്കുന്നത്. നിലവിൽ ചൈനയുടെ അതിവേഗ ട്രെയിനുകൾ മണിക്കൂറിൽ 217 മൈൽ വേഗതയിലാണ് പ്രവർത്തിക്കുന്നത്. നീളമുള്ള തുരങ്കങ്ങളിൽ പോലും ഈ ട്രെയിനുകളിൽ 5G കണക്റ്റിവിറ്റി ലഭിക്കുമെന്നതും ഇവയുടെ സവിശേഷതയാണ്. ഒരു ദീർഘദൂര യാത്രാ വിമാനത്തിൻ്റെ ശരാശരി വേഗത മണിക്കൂറിൽ ഏകദേശം 547 മുതൽ 575 മൈൽസ് വരെയാണ്. അതിനാൽ ഒരു വിമാനത്തേക്കാൾ വേ​ഗത്തിലാണ് ഈ ട്രെയിൻ സഞ്ചരിക്കുക എന്നതും സവിശേഷമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button