CrimeSpot light

കുപ്പിവെള്ളത്തിന് എംആര്‍പിയുടെ ഇരട്ടി ഈടാക്കിയ കഫേക്കെതിരെ വിധി; പരാതിക്കാരന് 7000 രൂപയും 9 ശതമാനം പലിശയും നല്‍കണം

വഡോദര: കുപ്പവെള്ളത്തിന് ഇരട്ടി വില ഈടാക്കിയ കഫേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ. 20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 41 രൂപ ഈടാക്കിയതിനെതിരെയാണ് യുവാവ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.ഏഴ് വർഷത്തിന് ശേഷമാണ് വിധി വന്നത്.

ജതിൻ വലങ്കർ എന്നയാള്‍ ഗുജറാത്തിലെ വഡോദരയിലെ കബീർസ് കിച്ചൻ കഫേ ഗാലറിക്കെതിരെയാണ് പരാതി നല്‍കിയത്. 750 മില്ലി കുപ്പി വെള്ളത്തിന് മെനുവില്‍ രേഖപ്പെടുത്തിയത് 39 രൂപയാണ്. എന്നാല്‍ കുപ്പിയുടെ എംആർപി 20 രൂപ മാത്രമായിരുന്നു. അതേസമയം നികുതി ഉള്‍പ്പെടെയെന്ന് പറഞ്ഞ് 41 രൂപയാണ് ജതിനില്‍ നിന്ന് കഫേ ഈടാക്കിയത്. അതായത് എംആർപിയേക്കാള്‍ 21 രൂപ അധികം. തുടർന്ന് പരാതി നല്‍കിയതോടെ വഡോദര കണ്‍സ്യൂമർ കമ്മീഷൻ സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചു.

ജതിന് നഷ്ടപരിഹാരമായി 5000 രൂപ നല്‍കാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. കഫേയുടെ നടപടി അന്യായമെന്ന് വിലയിരുത്തിയ കോടതി, അധികമായി ഈടാക്കിയ 21 രൂപ തിരിച്ചുനല്‍കാനും ഏഴ് വർഷത്തേക്ക് ഒൻപത് ശതമാനം പലിശ നല്‍കാനും ഉത്തരവിട്ടു. ഇതോടൊപ്പം കോടതി ചെലവായി 2000 രൂപ നല്‍കണമെന്നും കഫേയ്ക്ക് ഉപഭോക്തൃ കമ്മീഷൻ നിർദേശം നല്‍കി. പരാതി നല്‍കി ഏഴ് വർഷത്തിന് ശേഷമാണ് വിധി വന്നത്.

ഉപഭോക്താക്കളില്‍ നിന്ന് എംആർപിയോക്കാള്‍ ഉയർന്ന നിരക്ക് ഈടാക്കുന്നത് പലയിടത്തും കാണാറുണ്ട്. താൻ പരാതി നല്‍കിയത് ആ പണം തിരിച്ചുകിട്ടാൻ മാത്രമായല്ലെന്നും ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെ കുറിച്ച്‌ ബോധവാന്മാരാക്കാനും ഉപഭോക്താക്കളെ കൊള്ളയടിക്കാതെ ബിസിനസ് നീതിപൂർവ്വം നടത്തണമെന്ന് ഓർമപ്പെടുത്താനുമായിരുന്നുവെന്ന് ജതിൻ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button