
കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രാഥമിക വിവര ശേഖരണം തുടങ്ങി ക്രൈംബ്രാഞ്ച്. ജില്ലകളിലെ പരാതികൾ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷിക്കുന്നത്. ഓരോ ജില്ലകളിൽ നിന്നും വന്ന പരാതികൾ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും. തുടർന്നാകും അന്വേഷണത്തിലേക്ക് കടക്കുക. മുഖ്യപ്രതി അനന്തുവിൻ്റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങി. പ്രാഥമിക പരിശോധന പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും റിമാൻഡിലുള്ള അനന്തുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക. പണം വാങ്ങിയ ജനപ്രതിനിധികളുടെ അടക്കം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. പണം വാങ്ങാനിടയായ സാഹചര്യം ഇവർ പൊലീസിന് മുന്നിൽ വ്യക്തമാക്കേണ്ടിവരും. തട്ടിപ്പ് പണത്തിന്‍റെ പങ്ക് പറ്റിയിട്ടുണ്ടെങ്കിൽ ഇവരെ പ്രതിയാക്കുമോ എന്നാണ് അറിയേണ്ടത്. പണം നഷ്ടമായവരുടെ മൊഴി എടുക്കുകയാണ് അടുത്ത വലിയ വെല്ലുവിളി. ഇതുകൂടാതെ പകുതി വിലയിൽ സ്കൂട്ടറും, ലാപ്ടോപ്പും, രാസവളവും, തയ്യൽ മെഷീനും വാങ്ങിയവരുടെ മൊഴിയുമെടുക്കണം. 65,000 പേർക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും പൊലീസിന്‍റെ നിഗമനം. കൈമാറിയ തൊണ്ടിമുതലുകള്‍ കസ്റ്റഡിയിൽ വാങ്ങി സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാൽ രേഖപ്പെടുത്തി കൈമാറും. Also Read: ഒരു രൂപ പോലും സിഎസ്ആർ ഫണ്ടായി കിട്ടിയില്ലെന്ന് അനന്തു; നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിന്‍റെ നടപടികള്‍ പൂർത്തിയാക്കുന്നവരെ കൈമാറ്റമോ വിൽപ്പനയോ പാടില്ലെന്ന് വ്യവസ്ഥയിലാകും ഗുണഭോക്താക്കള്‍ക്ക് സാധനങ്ങള്‍ മടക്കി നൽകുക. അങ്ങനെ വിപുലമായ പദ്ധതി തയ്യാറാക്കി അന്വേഷണം നടത്തിയാലും ഓരോ കുറ്റപത്രവും തയ്യാറാക്കാൻ സമയമെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. നിലവിൽ അനന്തു കൃഷ്ണനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
