ഗര്‍ഭിണികളില്‍ ‘ഭ്രൂണത്തിനുള്ളില്‍ മറ്റൊരു ഭ്രൂണം’; 5 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അവസ്ഥയുമായി യുവതി

മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയില്‍ ഗര്‍ഭിണിയായ സ്ത്രീയ്ക്ക് ‘ഭ്രൂണത്തിനുള്ളില്‍ ഭ്രൂണം’ വളരുന്ന (fetus in fetu) അവസ്ഥ കണ്ടെത്തി. വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അവസ്ഥയാണിത്. യഥാര്‍ത്ഥ ഭ്രൂണത്തിനുള്ളില്‍ മറ്റൊരു വികലമായ ഭ്രൂണം സ്ഥിതി ചെയ്യുന്ന അവസ്ഥയാണിത്. 35 ആഴ്‌ച ഗർഭിണിയായ യുവതി പതിവ് പരിശോധനയ്‌ക്കായി ബുൽധാന ജില്ലാ വനിതാ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഭ്രൂണത്തില്‍ ഈ അസ്വാഭാവികത കണ്ടെത്തിയത്. ആശുപത്രിയിൽ യുവതിയുടെ സോണോഗ്രാഫി പരിശോധനയ്ക്കിടെയാണ് ഡോക്ടർമാർ രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ട് വരുന്ന വളരെ അപൂര്‍വ്വമായ ഒരു തരം അവസ്ഥയാണിതെന്ന് ആശുപത്രിയിലെ ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രസാദ് അഗർവാൾ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 10-15 കേസുകൾ ഉൾപ്പെടെ ലോകത്താകമാനം 200 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെല്ലാം പ്രസവ ശേഷം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കുഞ്ഞിന്റെ കാര്യം വളരെ ശ്രദ്ധയോടെയാണ് പരിഗണിക്കുന്നതെന്നും 35 ആഴ്ച്ചകള്‍ മാത്രം പ്രായമുള്ള ഭ്രൂണത്തിനുള്ളിലായി കുറച്ച് അസ്ഥികളും മറ്റൊരു ഭ്രൂണം പോലെ തോന്നുന്ന ഒരു ഭാഗമാണ് വളര്‍ന്നിട്ടുള്ളതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ലോകത്തെ തന്നെ അപൂര്‍വ്വം കേസില്‍ ഒന്നായിരുന്നതു കൊണ്ട് ഉറപ്പിക്കാനായി രണ്ടാമതൊരു വിദഗ്ദാഭിപ്രായം തേടിയിരുന്നു. റേഡിയോളജിസ്റ്റ് ഡോ. ശ്രുതി തോറാട്ട് കേസ് സ്ഥിരീകരിച്ചതായും ഡോ. പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം യുവതിയുടെ പ്രസവം സുരക്ഷിതമാക്കുന്നതിനും മറ്റു തുടര്‍നടപടികള്‍ക്കുമായി യുവതിയെ ഛത്രപതി സംഭാജിനഗറിലെ മെഡിക്കൽ സ്ഥാപനത്തിലേക്ക് റഫർ ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
