Kerala

16 നോട്ടിക്കല്‍ മൈല്‍ അകലെ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങി; 40 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

തൃശൂര്‍: അഴീക്കോട് ഫിഷ് ലാന്റിങ്ങ് സെന്ററില്‍ നിന്നും പുലര്‍ച്ചെ 5 മണിക്ക് മത്സ്യബന്ധനത്തിന് പോയ ശ്രീകൃഷ്ണപ്രസാദം എന്ന ഇന്‍ബോഡ് വള്ളത്തിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ഇവരെ കരയിലെത്തിച്ചത്. കടലില്‍ 16 നോട്ടിക്കല്‍ മൈല്‍ അകലെ പൊക്ലായി വടക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി അജയന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണപ്രസാദം എന്ന ഇന്‍ബോര്‍ഡ് വള്ളവും അതിലെ എറിയാട് സ്വദേശികളായ 40 മത്സ്യ തൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്. രാവിലെ 8 മണിയോടുകൂടിയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെ നിര്‍ദ്ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ വി.എം ഷൈബു, വി.എന്‍ പ്രശാന്ത്കുമാര്‍, ഇ.ആര്‍ ഷിനില്‍കുമാര്‍, റെസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, വിബിന്‍, ബോട്ട് സ്രാങ്ക് റസ്സാക്ക് മുനക്കകടവ്, എഞ്ചിന്‍ ഡ്രൈവര്‍ റഷീദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.  മത്സ്യ ബന്ധന യാനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ കൃത്യമായി നടത്താത്തതും, കാലപ്പഴക്കംചെന്ന മത്സ്യ ബന്ധനയാനങ്ങള്‍ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നതുകൊണ്ടും കടലില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകള്‍ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീര്‍ത്തും സൗജന്യമായാണ് സര്‍ക്കാര്‍ ഈ സേവനം നല്‍കുന്നതെന്നും ത്രിശ്ശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദ് പോത്തനൂരാന്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button