17 -ാം വയസില്‍ 270 കിലോ ഉയർത്താന്‍ ശ്രമം; ഗോൾഡ് മെഡലിസ്റ്റ് പവർലിഫ്റ്റർ യഷ്തിക ആചാര്യയ്ക്ക് ദാരുണാന്ത്യം, വീഡിയോ

ജൂനിയർ നാഷ്ണൽ ഗെയിംസില്‍ സ്വർണ്ണ മെഡൽ നേടിയ യഷ്തിക ആചാര്യയ്ക്ക് സ്ക്വാട്ട് പരിശീലനത്തിനിടെ ദാരുണാന്ത്യം. കഴിഞ്ഞ ബുധനാഴ്ച രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. പരിശീലനത്തിനിടെ 270 കിലോ ഭാരം ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടായിരുന്നു മരണം സംഭവിച്ചത്. 270 കിലോ ഭാരം ഉയർത്താന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്നും വഴുതിയ റോഡ് യഷ്തികയുടെ കഴുത്തിൽ അമർന്നായിരുന്നു മരണം. ഭാരം താങ്ങാനാകാതെ യാഷ്തികയുടെ കഴുത്ത് തകർന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 270 കിലോ ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യഷ്തികയുടെ കൈയില്‍ നിന്നും റോഡ് വഴുതിപ്പോയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ജിമ്മിൽ വച്ച് ട്രയിനറിന്‍റെ സഹായത്തോടെ യഷ്തിക ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. അമിത ഭാരം കഴുത്തിലേക്ക് വന്നതോടെ കഴുത്ത് ഒടിഞ്ഞാണ് അപകടം സംഭവിച്ചത്. യഷ്തികയുടെ പരിശീലകനും സംഭവത്തില്‍ പരിക്കേറ്റു. അപകടത്തിന് പിന്നാലെ യഷ്തികയെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചെന്ന് ഡോക്ടർമാര്‍ സ്ഥിരീകരിച്ചു.
സച്ചിന്‍ ഗുപ്ത എന്ന എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോയില്‍ അമിത ഭാരം ഉയർത്താനുള്ള ശ്രമത്തിനിടെ കാലിടറി താഴെ വീണ യഷ്തികയുടെ കഴുത്തിലേക്ക് ഭാരമേറിയ റോഡ് വീഴുകയും കഴുത്ത് താഴേക്കായി യഷ്തിക ഇരിക്കുന്നതും കാണാം. ഈ സമയം അപ്രതീക്ഷിത സംഭവത്തില്‍ ഞെട്ടി പരിശീലകന്‍ പിന്നിലേക്ക് മറിയുന്നതും കാണാം. കൂടെയുണ്ടായിരുന്നവര്‍ റോഡ് നീക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. യഷ്തികയുടെ കുടുംബാംഗങ്ങൾ സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം ശരീരം കുടുംബാംഗങ്ങൾക്ക് വിട്ടു നല്‍കിയെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
