കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ പരാതി നൽകി യുവതി. രാഹുൽ മർദിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പന്തീരാങ്കാവ് പൊലീസിലാണ് യുവതി പരാതി നൽകിയത്. നിലവിൽ രാഹുൽ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, മദ്യപിച്ചു ബഹളം ഉണ്ടാക്കിയ കേസിലാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെ പുലർച്ചെ പാലാഴി ഭാഗത്ത് പ്രശ്നം ഉണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, മർദനത്തിൽ പരാതിയില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതി പൊലീസെത്തിയപ്പോഴാണ് പരാതിയില്ലെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ പരാതിയുണ്ടെന്നും പൊലീസിൽ പരാതി നൽകുമെന്നും വ്യക്തമാക്കി യുവതിയുടെ അച്ഛൻ രംഗത്തെത്തിയിരുന്നു. ഇന്നലെ രാത്രിയാണ് യുവതിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. പരാതി ഇല്ലെന്ന് പറഞ്ഞ യുവതി സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. നേരത്തെ, പെണ്‍കുട്ടി നൽകിയ ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുൽ ഗോപാലിന്റെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കൻ പറവൂർ സ്വദേശിയായ യുവതിയാണ് ഗാർഹിക പീഡന പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. ഭർത്താവ് രാഹുൽ ഗോപാലിനെതിരെയാണ് യുവതി പരാതി നൽകിയത്. എന്നാൽ പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമുള്ള ഗാർഹിക പീഡന പരാതി എന്ന നിലയിൽ സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു. കേസിലെ പ്രതിയായിരുന്ന രാഹുൽ ഗോപാൽ, താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അതിനാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രംഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭർത്താവിനെതിരായ കേസ് പിൻവലിക്കണം. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നും അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി രാഹുൽ ഗോപാലിനെതിരായ എഫ്ഐആർ റദ്ദാക്കിയത്.
Related Articles
നിലമ്പൂരിൽ സ്കൂള് വിട്ട് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
October 26, 2024
രാവിലെ വിളമ്പിയ സാമ്പാറിൽ പുഴു, കോളേജ് ഹോസ്റ്റൽ ഭക്ഷണം മോശം, പ്രതിഷേധവുമായി വിദ്യാർത്ഥികൾ
November 28, 2024
Check Also
Close