CrimeKeralaSpot light

മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; സേവനം നൽകാതെ 2.70 കോടി കൈപ്പറ്റി,10 വർഷം തടവ് കിട്ടുന്ന കുറ്റം

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനമൊന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി.  മുഖ്യമന്ത്രിയുടെ മകൾ വീണ ടി, സിഎംആർഎൽ എംഡിയായ ശശിധരൻ കർത്ത, സിഎംആർഎൽ സിജിഎം ഫിനാൻസ് പി.സുരേഷ് കുമാർ അടക്കമുള്ളവർക്കെതിരെയാണ് പ്രോസിക്യൂഷൻ അനുമതി. വീണയ്ക്കും എക്സലോജിക് സൊല്യൂഷൻസിനും 2.70 കോടി രൂപയാണ് അനധികൃതമായി കിട്ടിയത്. സിഎംആർഎല്ലിൽ നിന്നും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നുമാണ് ഈ പണം എക്സാലോജികിലേക്ക് എത്തിയത്. ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യാ കമ്പനിയുടെ ഡയറക്റ്റർമാർ. വീണ ടി. ക്കും, ശശിധരൻ കർത്തയ്ക്കും എക്സലോജിക് സൊല്യൂഷൻസിനും സിഎംആർഎല്ലിനുമെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തി. ആറ് മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുകയോ, അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താമെന്നും വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. കൊച്ചിയിലെ കോടതി വഴി വിചാരണ നടപടികളിലേക്കാവും ഇനി കടക്കുക. വീണ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഉടൻ സമൻസ് അയക്കും. ശശിധരൻ കർത്തയ്ക്കും സിഎംആർഎൽ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ വേറെയും കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സിഎംആർഎല്ലിൽ നടന്നെന്നാണ് കണ്ടെത്തൽ. ഇല്ലാത്ത ചെലവുകൾ പെരുപ്പിച്ച് കാട്ടി, കൃതിമ ബില്ലുകൾ തയാറാക്കിയാണ് വെട്ടിപ്പ്. നിപുണ ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്ടർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്.  2024 ജനുവരിയിൽ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങൾക്ക് ശേഷം ഏറ്റവും പ്രധാനപ്പെട്ട നീക്കം. ആദ്യം ആദായനികുതി വകുപ്പ് ഇൻ്ററിം സെറ്റിൽമെൻറ് ബോർഡും പിന്നെ ആർഒസിയും ശരിവെച്ച മാസപ്പടിയാണ് ഇപ്പോൾ എസ്എഫ്ഐഒ അന്വേഷണത്തിലും തെളിയുന്നത്. സാമ്പത്തിക ക്രമക്കേട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ പ്രോസിക്യൂഷൻ നടപടികൾ ഇനി നേരിടേണ്ടി വരുമെന്നതാണ് നിർണ്ണായകം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button