‘ അച്ഛൻ എന്നോട് ക്ഷമിക്കണം ‘ ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ ; ജീവനൊടുക്കി യുവാവ്

ഭാര്യയുടെ പീഡനം സഹിക്കാനാകാതെ ജീവനൊടുക്കി യുവാവ്. മാനസികമായി തളർന്നു, ജോലി പോയി, മനസ്സമാധാനം ഇല്ല. ഇനി ഇങ്ങനെ ജീവിക്കാൻ വയ്യ അച്‌ഛൻ എന്നോട് ക്ഷമിക്കണം, അവൾ എൻ്റെ മരണം ആഗ്രഹിക്കുന്നു എന്നൊരു കുറിപ്പ് എഴുതിവച്ചാണ് യുവാവ് ജീവനൊടുക്കിയത്. അവസാന ആഗ്രഹമായി ‘ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണം’ എന്ന് ശവപ്പെട്ടിയിൽ എഴുതിവയ്ക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആവശ്യം.
കർണാടക : കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റർ എന്ന യുവാവാണ് ഭാര്യ ഫീബെക്കെതിരെ (പിങ്കി) ആരോപണം ഉന്നയിച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ മൂന്നുമാസത്തോളമായി പീറ്ററും പിങ്കിയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായിരുന്നു എന്ന് ബന്ധുക്കൾ. ഞായറാഴ്‌ച പള്ളിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് പീറ്ററിനെ ജീവനറ്റ നിലയിൽ വീട്ടിനുള്ളിൽ കണ്ടതെന്ന് സഹോദരൻ ജോയൽ.
‘പള്ളിയിൽ നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഞങ്ങൾ തിരിച്ചുവന്നത്. കണ്ടത് നടുക്കുന്ന കാഴ്ചയാണ്. അച്ഛനോട് ക്ഷമിക്കണമെന്നും എന്നോട് അച്ഛനേയും അമ്മയേയും നന്നായി നോക്കണം എന്നുമാണ് അവൻ എഴുതിവച്ചിരിക്കുന്നത്. അവൾ അവന്റെ മരണം അത്രമേൽ ആഗ്രഹിച്ചു’ എന്നാണ് ജോയൽ പറയുന്നത്.
ഇരുവരും തമ്മിൽ എപ്പോഴും വഴക്കായിരുന്നു. വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷം മാത്രമാണ് ആയിട്ടുള്ളത്. കഴിഞ്ഞ മൂന്നുമാസങ്ങളായി പ്രശ്‌നങ്ങൾ ഗുരുതരമായി. രണ്ടുപേരും രണ്ടിടത്തായി താമസം പോലും. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസ് നടക്കുകയാണ്. ഇതിനിടെ ഇരുപത് ലക്ഷം രൂപ പിങ്കി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടു. ഇതും പീറ്ററിനെ തളർത്തി എന്നും സഹോദരൻ
മകനെ ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേർന്ന് മാനസികമായി സമ്മർദത്തിലാക്കി എന്ന് പീറ്ററിന്റെ അച്ഛൻ ഒബയ്യ. പീറ്ററിനോട് വഴക്കിട്ട് പിങ്കി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. അവളുടെ വീട്ടിലേക്കാണ് പോയത്. വിളിച്ചപ്പോൾ ഇനി പീറ്റർ മരിച്ചെന്ന് കേട്ടാലും തിരിച്ചുവരില്ല എന്നായിരുന്നു മറുപടി. പിങ്കിയുടെ സഹോദരനാണ് പണം ആവശ്യപ്പെട്ടത്. അവരെല്ലാവരും കൂടി എന്റെ മകനെ കൊന്നു എന്നാണ് ഒബയ്യ പറയുന്നത്.
പിങ്കിയും പീറ്ററും തമ്മിൽ എപ്പോഴും വഴക്കായിരുന്നു. ഒരിക്കൽ പീറ്റർ ഓഫീസിലായിരിക്കുമ്പോൾ പിങ്കി വിളിച്ചു. ഫോണിലൂടെ വലിയ വഴക്കായി. ഓഫീസിനുള്ളിൽ മോശമായി പെരുമാറിയെന്ന് പറഞ്ഞ് ഇതോടെ പീറ്ററിൻ്റെ ജോലി പോയി എന്നും പിതാവ് കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസ്. പീറ്ററിന്റെ ആത്മഹത്യാക്കുറിപ്പടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.
