‘
മലപ്പുറം: പി.വി അൻവർ എംഎൽഎയ്ക്ക് എതിരായ പ്രതിഷേധ പ്രകടനത്തിൽ സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യം. ‘ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും’ എന്നതടക്കം കടുത്ത ഭാഷയിലാണ് പ്രകടനത്തിൽ മുദ്രാവാക്യങ്ങൾ ഉയര്‍ന്നത്. പിവി അൻവറിന്റെ മണ്ഡലമായ നിലമ്പൂരിലായിരുന്നു സിപിഎം പ്രകടനത്തിൽ ആദ്യം കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനർ ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു ഇന്നലെ വരെ ചേര്‍ത്തുപിടിച്ച ഇടത് എംഎൽഎക്കെതിരെ നിലമ്പൂരിൽ നടന്ന പ്രതിഷേധ പ്രകടനം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിന് പിന്നാലെ പിവി അൻവറിന്റെ കോലവും കത്തിച്ചു. എടവണ്ണയിലും സിപിഎം പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു. ഈ പ്രകടനത്തിലും അൻവറിനെതിരെ കൊലവിളി ഉയർന്നു. ‘നേതാക്കൾക്കെതിരെ തിരിഞ്ഞാൽ കൈയും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ തിരിച്ചടിക്കും കട്ടായം’ എന്ന കൊലവിളി നടത്തിക്കൊണ്ടായിരുന്നു സിപിഎമ്മിന്റെ പ്രകടനം. ഇവിടെ നടന്ന പ്രതിഷേധ പ്രകടനത്തിൽ അൻവറുമായി ബന്ധമുള്ള പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു. സമാനമായ രീതിയിൽ എടക്കരയിലും മലപ്പുറത്തും പി.വി അൻവറിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനം നടന്നു. പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. പാർട്ടിയുമായി നേരിട്ട് ഏറ്റുമുട്ടാൻ അൻവർ തീരുമാനിച്ച സാഹചര്യത്തിൽ അൻവറിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്. അതേസമയം, അൻവറിന് രാഷ്ട്രീയ അഭയം നൽകുന്ന കാര്യത്തിൽ കരുതലോടെയാണ് യുഡിഎഫ് നീങ്ങുന്നത്. സിപിഎമ്മിന്റെ തുടർ നടപടി നോക്കി തീരുമാനമെടുക്കാനാണ് മുന്നണിയുടെ തീരുമാനം.