
തിരുവനന്തപുരം: തമിഴ്നാട്ടിലെ പിടികിട്ടാപ്പുള്ളിയെ മോഷണ കേസിൽ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. പരശുവയ്ക്കൽ ഇടിച്ചക്കപ്ലാമൂട് സ്വദേശി മുഹമ്മദ് ഷാഫിയെ(38) ആണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച മെത്ത വിൽക്കാനെന്ന വ്യാജേന കടയ്ക്കുളം നെല്ലിവിലവീട്ടിൽ തങ്കമ്മ (68)യുടെ വീട്ടിലെത്തി രണ്ടു പവന്റെ മാല ഊരി കൊണ്ടുപോയ കേസിലാണ് ഇന്നലെ അറസ്റ്റു ചെയ്തത്. മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ച കേസിൽ ഇടിച്ചക്കപ്ലാമൂട് സ്വദേശി ഇർഷാദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടവഴിയിലൂടെ എത്തിയ മോഷ്ടാവ് നിരവധി വീടുകളിൽ കയറി മെത്ത ആവശ്യമുണ്ടോ എന്ന ചോദിച്ച ശേഷം വൃദ്ധയുടെ വീട്ടിലെത്തി രോഗാവസ്ഥയിൽ കിടക്കുകയായിരുന്ന ഇവരുടെ മാല ഊരി എടുക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ മറ്റൊരു മെത്ത കച്ചവട സംഘത്തെ കാണുകയും സി.സി.ടി.വി ദൃശ്യം ഇവരെ കാണിച്ച് ആളെ തിരിച്ചറിയുകയുമായിരുന്നു. അഞ്ചു രൂപപിള്ള എന്നു മാത്രമാണ് അറിയാവുന്നതെന്നും സ്വന്തമായി വീട്ടില്ലെന്നുമാണ് പൊലീസിന് ഇവർ നൽകിയ വിവരം. തുടർന്ന് ഇടിച്ചക്ക പ്ലാമൂട് – നാഗർകോവിൽ പ്രദേശങ്ങളിൽ മെത്തക്കടകളിൽ ഇവർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. സിം കാർഡുകൾ ഇടയ്ക്ക് മാറുന്നതിനാൽ ഇതുവഴി കണ്ടെത്താനും ബുദ്ധിമുട്ടുണ്ടായതായി പൊലീസ് പറഞ്ഞു. ഒടുവിൽ പ്രതിയുടെ സുഹൃത്തായ ഓട്ടോഡ്രൈവറെ ചോദ്യം ചെയ്താണ് പ്രതിയിലേക്ക് എത്തിയത്. തമിഴ്നാട്ടിൽ 30ഓളം കേസുകളിൽ പ്രതിയായ ഇയാൾ പിടികിട്ടാപുള്ളിയായിരുന്നു. മോഷണം, മെത്ത നൽകാമെന്ന് പറഞ്ഞ് ഓർഡർ എടുത്ത് പണവുമായി മുങ്ങുക തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
