ഹണി റോസിനെ അധിക്ഷേപിച്ച കേസ്: ബോബി ചെമ്മണൂരിന് ജാമ്യം

നടി ഹണി റോസിനെതിരേ അശ്ലീല പരാമർശം നടത്തിയെന്ന കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹർജി പരിഗണിച്ചത്.
ബോബിയുടെ ജാമ്യഹർജിയെ സർക്കാർ കോടതിയില്‍ എതിർത്തു. എന്തിനാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയില്‍ വിടണമെന്ന കോടതിയുടെ ചോദ്യത്തിന്, പ്രതി നടിയെ തുടർച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമർശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നല്‍കി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
എന്നാല്‍, പ്രതി റിമാൻഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. ബോബിക്കായി മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ഹാജരായി.
നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടർന്നാണ് ജാമ്യഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്. കേസില്‍ റിമാൻഡിലായ ബോബി ചെമ്മണൂർ നിലവില്‍ കാക്കനാട് ജയിലില്‍ റിമാൻഡില്‍ കഴിയുകയാണ്. റിമാൻഡിലായി ആറാംദിവസമാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം കിട്ടിയതോടെ ചൊവ്വാഴ്ചതന്നെ ബോബി ചെമ്മണൂർ ജയില്‍മോചിതനായേക്കും.
