Sports

ഇന്ത്യക്കൊരു കടം വീട്ടാനുണ്ട്! ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ പിടിക്കാന്‍ ഇന്ത്യ ഇന്ന് ഓസീസിനെതിരെ

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിലെത്താന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബായില്‍ തുടങ്ങുന്ന സെമിയില്‍, ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യ, പകരംവീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 1950ലെ ഫിഫ ലോകകപ്പില്‍ ബ്രസീലിന്റെ മാരക്കാന ദുരന്തംപോലെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന് 2023 നവംബര്‍ പതിനെട്ട്. അഹമ്മദാബാദില്‍ ഇന്ത്യയെ നിശബ്ദമാക്കി പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയ ലോക ചാംപ്യന്‍മാരായി.  അന്നത്തെ തോല്‍വിക്ക് ചാംപ്യന്‍സ് ട്രോഫിയില്‍ പകരം വീട്ടാന്‍ ടീം രോഹിത് ശര്‍മ്മയും സംഘവും. ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായി ഏകദിനത്തില്‍ മുഖാമുഖം വരുമ്പോള്‍ ഓസീസ് ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ട്. ജസ്പ്രിത് ബുമ്രയുടെ അഭാവത്തിലും ടീം ഇന്ത്യയുടെ കരുത്ത് കൂടിയിട്ടേയുള്ളൂ. ന്യൂസിലന്‍ഡിനെ തകര്‍ത്ത ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. കിവീസിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയെ അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം കളിപ്പിക്കണോ എന്നതുമാത്രമാണ് ഇന്ത്യന്‍ ക്യാംപിലെ ആലോചന. വരുണ്‍ കളിക്കുമെന്ന് നേരത്തെ രോഹിത് വ്യക്തമാക്കിയിരുന്നു.
മുന്‍ മത്സരങ്ങള്‍ക്ക് ഉപയോഗിക്കാത്ത പുതിയ പിച്ചിലാണ് മത്സരമെന്നതിനാല്‍ അവസാനവട്ട പരിശോധനയ്ക്ക് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനം. ഇന്ന് ജയിച്ച് കയറാന്‍, ഇന്ത്യക്കെതിരെ ബാറ്റെടുക്കുമ്പോഴെല്ലാം തകര്‍ത്തടിക്കുന്ന ട്രാവിസ് ഹെഡിനെ തുക്കത്തിലേ പുറത്താക്കണം. വിരാട് കോലി ആഡം സാംപയുടെ ലഗ് സ്പിന്‍ കെണിയിലും രോഹിത് ശര്‍മ ഇടംകൈയന്‍ പേസര്‍മാരുടെ വേഗത്തിലും വീഴാതെ നോക്കണം. പരിക്കേറ്റ ഓപ്പണര്‍ മാത്യൂ ഷോര്‍ട്ടിന് പകരം ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ഗ് എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടാന്‍ അധിക സ്പിന്നറെ ടീമിലുള്‍പ്പെടുത്താനാണ് ഓസീസ് നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button