Sports

ഇത് അയാളുടെ കാലമല്ലേ..! ഐപിഎൽ ക്യാപ്റ്റൻസിയിൽ സാക്ഷാൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍

ഐപിഎല്ലിൽ തൊട്ടതെല്ലാം പൊന്നാക്കുകയാണ് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ജേതാക്കളാക്കിയ ശ്രേയസ് ഇത്തവണ പഞ്ചാബ് കിംഗ്സിനൊപ്പമാണ്. ഈ സീസണിൽ കളിച്ച രണ്ട് കളികളിലും തകര്‍പ്പൻ ജയം സ്വന്തമാക്കി പഞ്ചാബ് മുന്നേറുകയാണ്. രണ്ട് മത്സരങ്ങളിലും ശ്രേയസ് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുകയും ചെയ്തു.  കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നേടിയ വിജയത്തോടെ ക്യാപ്റ്റൻസിയിൽ ശ്രേയസ് അയ്യര്‍ ധോണിയുടെ നേട്ടം മറികടന്നു. തുടര്‍ച്ചയായി ഏറ്റവും കൂടുതൽ ഐപിഎൽ വിജയങ്ങൾ നേടിയ നായകൻമാരുടെ പട്ടികയിൽ ശ്രേയസ് ധോണിയെ മറികടന്ന് ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്തെത്തി. തുടര്‍ച്ചയായി 8-ാം മത്സരത്തിലാണ് ശ്രേയസ് തന്‍റെ ടീമിനെ വിജയത്തിലേയ്ക്ക് നയിച്ചത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ തുടര്‍ച്ചയായി 6 മത്സരങ്ങളിൽ വിജയത്തിലേയ്ക്ക് നയിക്കാൻ ശ്രേയസിന് കഴിഞ്ഞിരുന്നു. ഈ സീസണിൽ ശ്രേയസിന് കീഴിൽ പഞ്ചാബ് കിംഗ്സ് കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചു.  2013ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ധോണി തുടര്‍ച്ചയായി 7 മത്സരങ്ങളിൽ വിജയിപ്പിച്ചിരുന്നു. 2008ൽ രാജസ്ഥാൻ റോയൽസിനെ തുടര്‍ച്ചയായി 8 മത്സരങ്ങളിൽ വിജയിപ്പിച്ച ഷെയ്ൻ വോണിന്റെ റെക്കോര്‍ഡിനൊപ്പമെത്താൻ ശ്രേയസിന് കഴിഞ്ഞു. ഐപിഎല്ലിൽ തുടര്‍ച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച നായകൻ ഗൗതം ഗംഭീറാണ്. 2014, 2015 സീസണുകളിൽ ഗംഭീറിന് കീഴിൽ കൊൽക്കത്ത തുടര്‍ച്ചയായി 10 മത്സരങ്ങളിലാണ് വിജയിച്ചത്.  അതേസമയം, ഐപിഎല്ലില്‍ ലക്നൗവിനെ 8 വിക്കറ്റിന് തകര്‍ത്താണ് പഞ്ചാബ് കിംഗ്സ് വീണ്ടും കരുത്ത് തെളിയിച്ചത്. 172 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 17-ാം ഓവറില്‍ മറികടന്നു. ഓപ്പണര്‍ പ്രഭ്സിമ്രന്‍ സിങ്ങും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറി നേടി. ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സിക്സറോടെയാണ് പഞ്ചാബിന് സീസണിലെ രണ്ടാം ജയം സ്വന്തമായത്. ലക്നൗ ഉയര്‍ത്തിയ 172 റണ്‍സ് ഒരിക്കല്‍ പോലും പഞ്ചാബിനെ അലോസരപ്പെടുത്തിയില്ല. തകര്‍ത്തടിച്ച് ഓപ്പണര്‍ പ്രഭ്സിമ്രന്‍ സിംഗ് തുടങ്ങി. പ്രിയാന്‍ഷ് ആര്യ 8 റണ്‍സെടുത്ത് മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എത്തിയതോടെ പഞ്ചാബ് ശരിക്കും കിംഗ്സായി. അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രഭ്സിമ്രനെ പുറത്താക്കി ബഥോനിയുടേയും ബിഷ്ണോയുടേയും തകര്‍പ്പന്‍ ഫീല്‍ഡിംഗ് കയ്യടി നേടി. പിന്നാലെയെത്തിയ നേഹാൽ വധേര ഹൈ വോള്‍ട്ടേജിലായിരുന്നു. ഒടുവില്‍ അനായാസ ജയവുമായി പഞ്ചാബ് കളംപിടിച്ചു.  നേരത്തെ, 44 റണ്‍സെടുത്ത നിക്കോളാസ് പുരാനും 41 റണ്‍സെടുത്ത ആയുഷ് ബഡോനിയുമാണ് ലക്നൗവിനായി തിളങ്ങിയത്. നായകന്‍ റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button