ചൂടു കാലമാണല്ലോ, തിക്കിയിരിക്കേണ്ടല്ലോ..’; സദസിൽ ആളുകൾ കുറഞ്ഞതിന് മുഖ്യമന്ത്രിയുടെ പരിഹാസം

‘
വടകര: വടകര ഗവ. ജില്ല ആശുപത്രിയിൽ കെട്ടിട ശിലാസ്ഥാപനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സദസ്യർ കുറഞ്ഞതിന് സംഘാടകർക്കെതിരെ മുഖ്യമന്ത്രിയുടെ പരിഹാസം. ‘നല്ല ചൂടിന്റെ കാലമാണല്ലോ ഇത്. ഇതിന്റെ സംഘാടകർ വലിയ പന്തൽ തയാറാക്കിയെങ്കിലും വല്ലാതെ തിക്കിയിരിക്കണ്ട എന്ന തോന്നൽ അവർക്ക് ഉണ്ടായിരിക്കുന്നു എന്നു തോന്നുന്നു. അതുകൊണ്ട് ഇടവിട്ട് ഇരിക്കാൻ നിങ്ങൾക്ക് സൗകര്യം കിട്ടിയിട്ടുണ്ട്. അത് ഏതായാലും നന്നായി എന്നു തോന്നുന്നു’വെന്നാണ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്. ശനിയാഴ്ച രാവിലെ 11ന് തുടങ്ങേണ്ട ചടങ്ങ് 30 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. എന്നിട്ടും, വടകര നാരായണ നഗറിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ സദസ്യരുടെ എണ്ണം പരിമിതമായതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. വടകര എം.പി ഷാഫി പറമ്പിലും എം.എൽ.എ കെ.കെ. രമയും പരിപാടിയിൽ സംബന്ധിച്ചിരുന്നില്ല. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ്, വി. അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുത്തു.
