
കുന്നംകുളം: പൊലീസ് സ്റ്റേഷനിൽ ക്രൂരമായി മർദിച്ച കേസിൽ പൊലീസ് ഡ്രൈവറായിരുന്ന സുഹൈറിനെ കൂടി പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്ത് സ്വകാര്യ അന്യായം നൽകി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളിൽ സുഹൈർ ഇല്ലാത്തതിനാൽ ഇയാളെ കോടതി കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, സുജിത്ത് തന്നെ പൊലീസ് ഡ്രൈവർ സുഹൈർ ആക്രമിച്ചതായി മൊഴി നൽകിയിരുന്നു. സുജിത്തിന്റെ കാലിൽ മുപ്പതോളം അടികൾ അടിച്ചത് സുഹൈറാണെന്നും സംഭവത്തിൽ അഞ്ചാം പ്രതിയായി സുഹൈറിനെ ഉൾപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് കോടതി കേസ് 11ലേക്ക് മാറ്റി. കൂടാതെ, പൊലീസ് മർദനത്തിൽ സുജിത്തിന്റെ കർണപടം പൊട്ടിയ സാഹചര്യത്തിൽ 10 കൊല്ലം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോടതിയിൽ മറ്റൊരു കേസ് കൂടി ഫയൽ ചെയ്യുമെന്ന് സുജിത്ത് വ്യക്തമാക്കി. പൊലീസ് ഡ്രൈവറായിരുന്ന സുഹൈർ തദ്ദേശ വകുപ്പിലാണ് ജോലി ചെയ്യുന്നത് അതേസമയം, സുജിത്തിനെ മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എസ്.ഐ നൂഹ്മാൻ, സീനിയർ സി.പി.ഒ ശശിധരൻ, സിവിൽ പൊലീസ് ഓഫിസർമാരായ സജീവൻ, സന്ദീപ് എന്നിവരെ ഡി.ഐ.ജി ഹരി ശങ്കർ നൽകിയ ശിപാർശയിൽ നോർത്ത് സോൺ ഐ.ജി രാജ് പാൽ മീണ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, ആരോപണ വിധേയനായ മറ്റൊരു പൊലീസ് ഡ്രൈവറായിരുന്ന സുഹൈർ തദ്ദേശ വകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടി സാധ്യമല്ല. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായത്. സുജിത്തിനെ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുന്നംകുളം കോടതി കേസെടുത്ത നടപടിക്ക് പിന്നാലെയാണ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സുജിത്ത് നടത്തിയ രണ്ട് വർഷത്തിലേറെ നീണ്ട നിരന്തരമായ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സി.സി ടി.വി ദൃശ്യങ്ങൾ ലഭ്യമായത്. കേസിന്റെ തുടക്കത്തിലേ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നൽകാൻ പൊലീസ് തയാറായില്ല. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലെയും സി.സി ടി.വികൾ പരസ്പരബന്ധിതമാണെന്നും ദൃശ്യങ്ങൾ നിശ്ചിത ദിവസങ്ങൾക്ക് ശേഷം വീണ്ടെടുക്കാൻ സാധ്യമല്ലെന്നുമാണ് അറിയിച്ചത്. തുടർന്ന് നൽകിയ അപ്പീൽ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമീഷൻ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ നൽകാൻ ഉത്തരവിടുകയായിരുന്നു. 2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മർദിച്ചത്. സംഭവ ദിവസം ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ നുഅ്മാൻ സുജിത്തിനെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെ ഇടിമുറിയിൽ വെച്ച് എസ്.ഐ നുഅ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്.ഐ.ആർ ഉണ്ടാക്കി സുജിത്തിനെ റിമാൻഡ് ചെയ്യാനായിരുന്നു പൊലീസ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ നിർദേശാനുസരണം നടത്തിയ വൈദ്യപരിശോധനയിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചു എന്നറിയാൻ കഴിഞ്ഞു. തുടർന്നാണ് സുജിത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയത്.
