Spot lightWorld

മനുഷ്യന്‍ ചന്ദ്രനില്‍ വീണ്ടും ഇറങ്ങുന്നതിന് ഇനിയും കാത്തിരിക്കണം; ആർട്ടെമിസ് ദൗത്യങ്ങള്‍ വൈകുമെന്ന് നാസ

കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 വൈകിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാല് പര്യവേഷകരെ ചന്ദ്രനില്‍ ചുറ്റിക്കറക്കാനും ശേഷം ഭൂമിയില്‍ തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ള ആർട്ടെമിസ് 2 ദൗത്യത്തിനായി 2026 ഏപ്രില്‍ വരെ കാത്തിരിക്കണമെന്ന് നാസ അറിയിച്ചു. 2025 സെപ്റ്റംബറില്‍ ആര്‍ട്ടെമിസ് 2 ദൗത്യ സംഘത്തെ അയക്കാനായിരുന്നു നാസ നേരത്തെ നിശ്ചയിച്ചിരുന്നത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനായി 2026 അവസാനത്തോടെ ലക്ഷ്യമിട്ടിരുന്ന ആര്‍ട്ടെമിസ് 3 ദൗത്യം 2027 മധ്യത്തോടെയാവും നടക്കുക എന്നും നാസ അറിയിച്ചു.  ആർട്ടെമിസ് ദൗത്യങ്ങള്‍ക്കുള്ള ഓറിയോണ്‍ പേടകത്തിലെ സുരക്ഷാ പ്രശ്‌നം പരിഹരിക്കാന്‍ വൈകുന്നതാണ് ആര്‍ട്ടെമിസ് 2 ദൗത്യം നാസ വൈകിപ്പിക്കാന്‍ കാരണം. ‘ഓറിയോൺ ക്യാപ്‌സ്യൂൾ അതിന്‍റെ ആദ്യത്തെ ക്രൂഡ് ഫ്ലൈറ്റിനായി തയ്യാറാക്കുന്നത് പൂർത്തിയാക്കാൻ അധിക സമയം ആവശ്യമാണ്. ബഹിരാകാശത്തേക്ക് പര്യവേഷകരെ അയക്കാനും ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറക്കാനുമുള്ള സാങ്കേതിക മികവ് ഓറിയോണ്‍ ക്യാപ്‌സൂളില്‍ നാസയ്ക്കും പങ്കാളികള്‍ക്കും ഉറപ്പാക്കേണ്ടതുണ്ട്’ എന്ന് നാസ അഡ്‌മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ വ്യക്തമാക്കി. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യ ദൗത്യത്തിനായാണ് ഓറിയോൺ ക്യാപ്‌സ്യൂൾ തയ്യാറെടുക്കുന്നത്. ഇതുവരെ രണ്ട് ദൗത്യങ്ങളാണ് ഓറിയോണ്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. 2022ലെ ക്രൂരഹിത ചാന്ദ്ര പര്യവേഷണ പരീക്ഷണമായിരുന്ന ആര്‍ട്ടെമിസ് 1 ആണ് ഇതിലൊന്ന്. 2014ലായിരുന്നു അതിന് മുമ്പ് ഓറിയോണ്‍ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. അതും മനുഷ്യനെ വഹിക്കാതെയുള്ള പറക്കലായിരുന്നു.   ആര്‍ട്ടെമിസ് 1 മാത്രമാണ് ആര്‍ട്ടെമിസ് ചാന്ദ്ര ദൗത്യത്തില്‍ നാസയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ അണ്‍ക്രൂഡ് ദൗത്യത്തില്‍ ഭൂമിയിലേക്കുള്ള മടങ്ങിവരവില്‍ ഓറിയോണ്‍ പേടകത്തിലെ ഹീറ്റ് ഷീല്‍ഡിന് നേരിയ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ചുള്ള വിശദ പഠനത്തിലെ ഫലങ്ങളാണ് രണ്ടും മൂന്നും ദൗത്യം വൈകിപ്പിക്കാന്‍ നാസയെ പ്രേരിപ്പിച്ചത്. ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ നാല് സഞ്ചാരികളുടെയും പൂര്‍ണ സുരക്ഷ ഉറപ്പാക്കാനായാണ് നാസ ദൗത്യം വൈകിപ്പിക്കുന്നത് എന്ന് മനസിലാക്കാം. 1972ലെ അപ്പോളോ ദൗത്യത്തിന് ശേഷം ആദ്യമായി ലോ എര്‍ത്ത് ഓര്‍ബിറ്റിന് പുറത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യമാകാനാണ് ആർട്ടെമിസ് 2 ഒരുങ്ങുന്നത്. മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ കാലുകുത്തുന്ന ദൗത്യമായി ആർട്ടെമിസ് 3യും മാറും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button