
മലപ്പുറം: നിലമ്പൂരിൽ മ്ലാവ് വേട്ട നടത്തിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. എടക്കര തെയ്യത്തും പാടം ഇലഞ്ഞിമുറ്റത്ത് ഷിബിൻ ജോർജ്(35), അകമ്പാടം പെരുവമ്പാടം ഇടിവണ്ണ പൗവ്വത്ത് വീട്ടിൽ പി.സി. ബിജു(50) എന്നിവരെയാണ് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ചർ വി.കെ. മുഹ്സിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. എട്ടു കിലോ മ്ലാവ് ഇറച്ചിയുമായി വഴിക്കടവ് പൂവ്വത്തിപ്പൊയിൽ പിലാത്തൊടിക മുജീബ് റഹ്മാൻ നേരത്തെ പിടിയിലായിരുന്നു. ഇയാൾ റിമാൻഡിലാണ്. ഞായറാഴ്ച വൈകുന്നേരം നെല്ലിക്കുത്തിൽ വനപാലകരുടെ പിടിയിലായ വഴിക്കടവ് പുന്നക്കൽ സ്വദേശി ഭഗവതി ആലുങ്കൽ മൻസൂറലിയുടെ മൊഴി പ്രകാരമാണ് മറ്റു രണ്ടു പേർ തിങ്കളാഴ്ച പിടിയിലായത്. മൻസൂറലിയാണ് തോക്ക് ഉപയോഗിച്ചതെന്നാണ് മൊഴി. മലമാനെ വെടിവെക്കാൻ ഉപയോഗിച്ച തോക്കിന്റെ ഉടമ വഴിക്കടവ് പുന്നക്കൽ സ്വദേശി ഇർഷാദ്, വേട്ടസംഘത്തിന് സഹായിയായ വഴിക്കടവ് കെട്ടുങ്ങൽ സ്വദേശി ജിയാസ് എന്നിവർ ഒളിവിലാണ്. ഇവർക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. വേട്ടസംഘം ഉപയോഗിച്ച ഒരു കാറും ഒരു ബുള്ളറ്റ് ബൈക്കും വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നിലമ്പൂർ നോർത്ത് ഡിവിഷനിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ മൂലേപ്പാടം വനമേഖലയിൽ നിന്നാണ് മലമാനിനെ വേട്ടയാടിയതെന്നാണ് പ്രതികളുടെ മൊഴി. ഡെപ്യൂട്ടി റെയ്ഞ്ചറെ കൂടാതെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസ ർ ഇ.എം. ശ്രീജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.എ. വി നോദ്, ഇ.എസ്. സുധീഷ്, എം.ജെ. മനു, കെ. അശ്വതി, പി. അനീഷ്, ഡ്രൈവർ ഇ.ടി. മുനീർ, സി.പി.ഒ രഞ്ചിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
