Kerala

30ലധികം പേർക്ക് രോഗ ലക്ഷണം, 18പേർ ചികിത്സയിൽ, 2 പേരുടെ നില ഗുരുതരം; കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആശങ്ക. നഗരത്തിലെ വിവിധ വാര്‍ഡുകളിലായാണ് നിരവധി പേര്‍ക്ക് മഞ്ഞിപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിച്ചു. രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചു. നഗരസഭയിലെ 10,12,14 വാര്‍ഡുകളിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതുവരെയായി 18 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ രണ്ടു പേരുടെ ആരോഗ്യ നില ഗുരുതരമാണ്. മുപ്പത്തിലധികം പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. രോഗം പടര്‍ന്ന മേഖലകളിൽ ക്ലോറിനേഷൻ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള മുപ്പതിലധികം പേര്‍ക്കാണ് രോഗ ലക്ഷണമുള്ളത്. പത്താം വാര്‍ഡിൽ പെരിങ്ങഴയിൽ രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12,14 വാര്‍ഡുകളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിട്ടുമാറാത്ത പനി, ഛര്‍ദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്. മഞ്ഞപ്പിത്തത്തിന് പുറമെ ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരിൽ നഗരസഭാ ആരോഗ്യ വിഭാഗത്തെ അറിയിക്കാത്തവര്‍ ഏറെയുണ്ടെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button