ആശുപത്രി ബില്‍ അടക്കമുള്ള UPI ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി NPCI

ഏതാനും വിഭാഗങ്ങളിലെ യു.പി.ഐ ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമായി ഉയർത്തി നാഷണല്‍ പേമെന്റ്സ് കോർപ്പറേഷൻ (NPCI).തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഉയർന്ന തുകയുടെ ഇടപാടുകള്‍ നടത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ നടപടി.
സ്റ്റാൻഡേർഡ് യു.പി.ഐ ഇടപാടുകള്‍ക്ക് ഒരു ലക്ഷം രൂപയായിരുന്നു ഇതുവരെയുള്ള പരിധി. അതേസമയം, ക്യാപിറ്റല്‍ മാർക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ ഇടപാടുകള്‍ക്ക് രണ്ടുലക്ഷവും. എന്നാല്‍, ഓഗസ്റ്റ് 24-ലെ നാഷണല്‍ പേമെന്റ്സ് കോർപ്പറേഷൻ സർക്കുലർ പ്രകാരം, നികുതി ഇടപാടുകള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ഐ.പി.ഒ തുടങ്ങിയ ഇടപാടുകള്‍ക്ക് പരിധി അഞ്ച് ലക്ഷമായിരിക്കും.
ഈ രീതിയിലുള്ള ഇടപാടുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയാണ് പരിധി ഉയർത്താനുള്ള എൻ.പി.സി.ഐ.യുടെ തീരുമാനത്തിനുപിന്നില്‍. ബാങ്കുകള്‍, പേയ്മെന്റ് സേവന ദാതാക്കള്‍, യു.പി.ഐ. ആപ്പുകള്‍ എന്നിവയോട് പുതിയ ഇടപാട് പരിധികള്‍ ഉള്‍ക്കൊള്ളാകുന്ന രീതിയിലേക്ക് അപ്ഡേഷനുകള്‍ മെച്ചപ്പെടുത്തണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
