മൃതദേഹം സംസ്ക്കരിക്കാൻ ചിതക്ക് തീ കൊളുത്തിയതോടെ തേനീച്ചകൂട് ഇളകി, ചടങ്ങിനത്തിയ അൻപതോളം പേർക്ക് പരിക്ക്

ജയ്പൂർ: മരണാന്തര ചടങ്ങുകൾക്കിടെ തേനീച്ചയുടെ കുത്തേറ്റ് അൻപതോളം പേർക്ക് പരിക്ക്. തിങ്കളാഴ്ച ജയ്പൂരിലാണ് സംഭവം. ആംബെറിലെ ഒരു മരണനന്തര ചടങ്ങുകൾക്കിടെ മൃതദേഹം സംസ്കരിക്കാനായി ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ, ചൂട് കാരണം തേനീച്ചക്കൂട് ഇളകുകയായിരുന്നു എന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
ചടങ്ങുകൾക്ക് സാക്ഷിയാവാൻ പരിസരത്ത് ഉണ്ടായിരുന്ന ആളുകളെ തേനീച്ചകൾ ആക്രമിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റതായി പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അൻതിം ശർമ പറഞ്ഞു. പരിക്കേറ്റവരെ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവരിൽ കാര്യമായ തേനീച്ച ആക്രമണത്തിന് ഇരയായവരെ പിന്നീട് വിദഗ്ധ പരിചരണത്തിന് വേണ്ടി ജയ്പൂരിലെ മാൻസിങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട മിക്കവരെയും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചതായി സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
