സഞ്ജു ഇല്ലാത്ത രഞ്ജി ട്രോഫി ഫൈനല്‍! ടീമിനെ പിന്തുണയ്ക്കാന്‍ ഗ്രൗണ്ടിലുണ്ടാവുമെന്നുള്ള ഉറപ്പ് നല്‍കി താരം

കൊച്ചി: രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാധ്യമായി ഫൈനലിലെത്തിയിരിക്കുകയാണ് കേരളാ ക്രിക്കറ്റ് ടീം. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗില്‍ രണ്ട് റണ്‍സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയത്. ഇന്ന് വിദര്‍ഭയ്‌ക്കെതിരെയാണ് കേരളത്തിന്റെ ഫൈനല്‍ മത്സരം. രാവിലെ 9.30ന് മത്സരം ആരംഭിക്കും. ഫൈനലിന് മാത്രമായി ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു സാംസണ് കളിക്കാന്‍ കഴിയില്ലെന്നുള്ളതാണ് ഒരു നിരാശ. രഞ്ജി ഫൈനല്‍ കളിക്കാന്‍ കഴിയാത്തതിലെ നിരാശ സഞ്ജു പങ്കുവെക്കുകയും ചെയ്തു. സഞ്ജു പറഞ്ഞതിങ്ങനെ… ”രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുകയെന്നുള്ളത് സ്വപ്നമായിരുന്നു. കഴിഞ്ഞ ദിവസത്തെ മത്സരം സ്വപ്നം പോലെ ആയിരുന്നു. ടീമില്‍ ഉള്‍പ്പെടാന്‍ സാധിക്കാതെ പോയതിലുള്ള സങ്കടമുണ്ട്. ഫൈനല്‍ നേരിട്ട് കാണാന്‍ ഞാന്‍ ഗ്രൗണ്ടില്‍ ഉണ്ടാകും. സമ്മര്‍ദ്ദം അതിജീവിക്കാന്‍ ടീം നന്നായി പഠിച്ചിട്ടുണ്ട്.” സഞ്ജു പറഞ്ഞു. വിദര്‍ഭയുടെ റണ്‍ മെഷീന്‍! രഞ്ജി ഫൈനലില്‍ കേരളത്തിന് വെല്ലുവിളിയാവുക മലയാളി താരം കരുണ്‍ നായര്‍ രഞ്ജി ഗ്രൂപ്പ് ഘട്ടത്തില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തിന്റെ ഭാഗമായിരുന്നു സഞ്ജു. 13 പന്തില്‍ 15 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ മഴയെത്തുകയും പിന്നീട് മത്സരം ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്നുള്ള മത്സരങ്ങളില്‍ സഞ്ജു കളിച്ചിരുന്നില്ല. ഇതിനിടെ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയുടെ ഭാഗമാവുകയും ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനുമായില്ല. ഇംഗ്ലണ്ടിനെതിരെ അവസാന മത്സരത്തില്‍ പരിക്കേറ്റ സഞ്ജുവിന്റെ ചൂണ്ടുവിരലിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു. ജോഫ്ര ആര്‍ച്ചറുടെ പന്ത് വിരലില്‍ കൊണ്ടാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. ഇപ്പോഴും വിരല്‍ ചുറ്റിക്കെട്ടിയാണ് സഞ്ജു നടക്കുന്നതും. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയപ്പോഴും സഞ്ജുവിന്റെ കൈ വിരലില്‍ ഒരു കെട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫൈനല്‍ മത്സരത്തിന് വേണ്ടി കേരള ടീമില്‍ സഞ്ജു തിരിച്ചെത്തില്ല. ഇക്കാര്യം കേരള ക്രിക്കറ്റ് ടീം മുഖ്യ സെലക്റ്റര്‍ പി. പ്രശാന്ത് സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകള്‍… ”വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി ഫൈനലിലും കേരള ടീമില്‍ പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാം. ഫൈനലില്‍ ജയിക്കാന്‍ കേരളത്തിന് സാധിക്കും. പരിക്കില്ലായിരുന്നെങ്കില്‍ സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു.” പ്രശാന്ത് വ്യക്തമാക്കി. ഒരു ദിവസമാണ് ഫൈനലിന് അവശേഷിക്കുന്നത്. അപ്പോഴേക്കും അദ്ദേഹത്തിന് പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനാവാന്‍ വഴിയില്ല.
