സഞ്ജു ഒന്നാമന്‍, കോലിയും രോഹിത്തും പിന്നില്‍! ഈ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളെ അറിയാം
മുംബൈ: 2024 അവസാനിക്കാനിരിക്കെ ഈ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമായി സഞ്ജു സാംസണ്‍. ഇന്ത്യക്ക് വേണ്ടിയും ഐപിഎല്ലിലും കളിച്ച കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് സഞ്ജു ഒന്നാമതായത്. ഇക്കാര്യത്തില്‍ വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം പിറകിലാണ്. സഞ്ജുവിന് ശരിക്കും ഗുണം ചെയ്തത് അഞ്ച് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിടെ നേടിയ മൂന്ന് സെഞ്ചുറികളാണ്. കണക്കുകള്‍ പരിശോധിക്കാം. 46.04 ശരാശരിയില്‍ 967 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി ആരംഭിക്കാനിരിക്കെ സഞ്ജുവിന് അനായാസം നാലക്കം കടക്കാം. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നേടിയ രണ്ട് സെഞ്ചുറിയും ബംഗ്ലാദേശിനെതിരെ അവസാന ടി20യില്‍ നേടിയ സെഞ്ചുറിയും സഞ്ജുവിന്റെ ഗ്രാഫ് ഉയര്‍ത്തി. ഇക്കാര്യത്തില്‍ 921 റണ്‍സുമായി വിരാട് കോലി രണ്ടാം സ്ഥാനത്ത്. ടി20 ലോകകപ്പിന് ശേഷം വിരമിച്ച കോലിയുടെ ശരാശരി 41.86 ആണ്. ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ മൂന്നാം സ്ഥാനത്ത്. 874 റണ്‍സ് നേടിയ അഭിഷേകിന്റെ ശരാശരി 29.13. സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്നതോടെ താരത്തിന് കൂടുതല്‍ റണ്‍സ് നേടാന്‍ സാധിക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയ തിലക് വര്‍മ നാലാം സ്ഥാനത്ത്.52.43 ശരാശരിയില്‍ 839 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിനും ഇന്ത്യന്‍ ടീമിനും വേണ്ടി തിലക് അടിച്ചെടുത്തത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അഞ്ചാമത്. സമ്പാദ്യം 36.13 ശരാശരിയില്‍ 795 റണ്‍സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20യിലെ സെഞ്ചുറിയോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനും സഞ്ജു മാറിയിരുന്നു. ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു തന്നെ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടാണ് ആദ്യതാരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യം താരം കൂടിയാണ് സഞ്ജു. കൂടാതെ, ടി20യില്‍ ഇന്ത്യക്കായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.