പുതിയ നാഴികകല്ല് താണ്ടി സഞ്ജു സാംസൺ; രാജസ്ഥാന് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം

ഹൈദരാബാദ്: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി 4000 റൺസ് നേടുന്ന ആദ്യ താരമായി സഞ്ജു സാംസൺ. ഇന്നലെ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ ബാറ്റിങ്ങിനിറങ്ങുമ്പോൾ ഈ നാഴികക്കല്ലിന് മലയാളി ബാറ്റർക്ക് വേണ്ടിയിരുന്നത് 66 റൺസാണ്. 4000 റൺസ് പൂർത്തിയാക്കിയതിന് പിന്നാലെ താരം പുറത്താവുകയും ചെയ്തു. 142 ഇന്നിങ്സിൽ നിന്നും 32 ശരാശരിയിലും 141.04 സ്ട്രൈക്ക് റേറ്റിലും 4000 റൺസാണ് സഞ്ജു സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറിയും 26 അർധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടും. 2019വരെ രാജസ്ഥാന് വേണ്ടി കളിച്ച അജിങ്ക്യ രഹാനയാണ് രണ്ടാമത്. 106 മത്സരങ്ങൾ നിന്ന് 3098 റൺസാണ് നേടിയത്.സൺ റൈസേഴ്സിനെതിരെ ഏറ്റവുമധികം റൺസ് നേടിയ ബാറ്ററും സഞ്ജുവാണ്. 867 റൺസാണ് സമ്പാദ്യം. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലി (762) ആണ് രണ്ടാമൻ.
