അടച്ചുപൂട്ടാനിരുന്ന സ്‌കൂളുകളെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ മികവിന്‍റെ കേന്ദ്രങ്ങളാക്കി: മന്ത്രി വി എൻ വാസവൻ
കോട്ടയം: അനാദായകരം എന്ന പേരിൽ അടച്ചുപൂട്ടാനിരുന്ന സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിയെന്ന് തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് അവയെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്താൻ പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെയും വിദ്യാകിരണത്തിലൂടെയും സർക്കാരിന് കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. കാണക്കാരി ഗവൺമെന്‍റ് വി.എച്ച്.എസ് സ്‌കൂളിൽ കിഫ്ബി സഹായത്തോടെ 1.3 കോടി രൂപ ചെലവിൽ നിർമിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ സാധ്യതകൾ തുറക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികളെ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കുന്ന നിലയിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുന്നു. വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ കേന്ദ്രമായി മാറുകയാണ് കേരളമെന്നും മന്ത്രി പറഞ്ഞു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു മുഖ്യപ്രഭാഷണം നടത്തി