FoodsInformationKeralaSpot light

നിറം ചേർത്ത് വിൽപ്പന; മലയാളിയുടെ ഇഷ്ടവിഭവങ്ങൾ വിശ്വസിച്ച് കഴിക്കാൻ സാധിക്കാത്ത അവസ്ഥ

കോഴിക്കോട് :ഭക്ഷ്യ വസ്തുക്കൾ ആകർഷകമാക്കാൻ കൂടിയ അളവിൽ കൃത്രിമ നിറം ചേർത്ത 94 സ്ഥാപനങ്ങൾക്കെതിരെ നടപടി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ കൃ​ത്രി​മ നി​റം ചേർക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ച ‘നിറമല്ല രുചി, സെ നോ ടു സിന്തറ്രിക് ഫുഡ് കളർ’ കാമ്പെയിന്റെ ഭാഗമായാണ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്. ബോധവത്കരണ കാമ്പെയിൻ ഘട്ടം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

രണ്ടാംഘട്ടത്തിൽ നിയമ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്രയധികം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്. ഹോ​ട്ട​ലു​ക​ൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമ നിറം ചേർത്ത് ഭക്ഷ്യ വിഭവങ്ങൾ തയ്യാറാക്കുന്നതായി കണ്ടെത്തിയത്. 930 പരിശോധനകളാണ് നടത്തിയത്. നിലവാരമില്ലാത്ത ഭക്ഷണം വിറ്റതിന് 49 കേസുകൾ രജിസ്റ്റർ ചെയ്തു. തെറ്റായ ബ്രാൻഡിൽ കച്ചവടം ചെയ്തതിന് 77 കേസുകളും ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തിയതിന് 15 കേസുകളും എടുത്തിട്ടുണ്ട്.

പിഴ ചുമത്തിയിട്ടും ഹോട്ടലുകളിലും ഭക്ഷ്യവസ്തു നിർമാണ യൂനിറ്റുകളിലും കൃത്രിമ നിറവും രാസവസ്തുക്കളും ചേർക്കുന്നതിൽ കുറവ് വരാത്ത സാഹചര്യത്തിലാണ് മൂന്നു മാസം നീണ്ടു നിൽക്കുന്ന ‘നിറമല്ല രുചി’ കാമ്പെയിനുമായി ഭക്ഷ്യസുരക്ഷ വകുപ്പ് രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുഴിമന്തിയിലും ബിരിയാണിയിലുമാണ് കൂടുതൽ അളവിൽ നിറം ചേർത്തതായി കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ അത്തരം ഭക്ഷ്യസാധനങ്ങളുടെ ഉത്പാദനം താത്കാലികമായി നിരോധിച്ചിരുന്നു.

ബിരിയാണി, കുഴിമന്തി, ചിക്കൻ ഫ്രൈ, മറ്റ് ചിക്കൻ വിഭവങ്ങൾ, ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ, ചില്ലി ചിക്കൻ തുടങ്ങിയ ഭക്ഷ്യ വിഭവങ്ങളിൽ കൃത്രിമ നിറം ചേർക്കാൻ പാടില്ല. ഉപഭോക്താക്കൾക്ക് നിറത്തോടുളള താത്പര്യമാണ് കൃത്രിമ നിറം ചേർക്കാനുളള പ്രധാന കാരണം. നിയമ വിരുദ്ധ കൃതൃമ നിറം ചേർക്കുന്നത് 3 മുതൽ 6 വർഷം വരെ തടവും 3 ലക്ഷം മുതൽ 5 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.’കാമ്പെയിന്റെ ആദ്യഘട്ടം ബോധവത്കരണമാണ് നടന്നത്. കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനാണ് വകുപ്പ് തീരുമാനമെന്ന് ഭക്ഷ്യസുരക്ഷ അസി.കമ്മിഷണർ എ സക്കീർ ഹുസൈൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button