NationalSpot light

സ്പീഡ് ബ്രേക്കർ ‘രക്ഷിച്ചു’; ഡോക്ടർ മരണം സ്ഥിരീകരിച്ച 65കാരൻ ആംബുലൻസിൽ കൈവിരലനക്കി, തിരികെ ജീവിതത്തിലേക്ക്

കോലാപൂർ: ഡോക്ടർമാർ മരണം സ്ഥിരീകരിച്ച 65കാരനെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകവേ ജീവനുണ്ടെന്ന് കണ്ടെത്തി. ആംബുലൻസ് റോഡിലെ സ്പീഡ് ബ്രേക്കറിൽ കയറിയിറങ്ങവേ വയോധികൻ വിരലുകൾ അനക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ച് ചികിത്സ  നൽകി.  മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. 65 കാരനായ പാണ്ഡുരംഗ് ഉൾപെയെ ഹൃദയാഘാതത്തെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  വയോധികൻ മരിച്ചെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. ‘മരണ’ വാർത്തയറിഞ്ഞ് ബന്ധുക്കൾ സംസ്കാരത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി.  അതിനിടെയാണ് ആംബുലൻസ് സ്പീഡ് ബ്രേക്കറിന് മുകളിലൂടെ കടന്നുപോയപ്പോൾ വയോധികന്‍റെ വിരലുകൾ ചലിച്ചത്. ഉടനെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി ആൻജിയോപ്ലാസ്റ്റി നടത്തി.  രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.  സംഭവത്തെ കുറിച്ച് ഉൾപ്പെ പറയുന്നതിങ്ങനെ- “ഞാൻ നടത്തം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി ചായ കുടിച്ച് ഇരിക്കുകയായിരുന്നു, എനിക്ക് തലകറക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഞാൻ ബാത്ത്റൂമിൽ പോയി ഛർദ്ദിച്ചു. ആരാണ് എന്നെ ആശുപത്രിയിൽ എത്തിച്ചതെന്നോ പിന്നീട് എന്താണ് സംഭവിച്ചതെന്നോ എനിക്ക് ഓർമയില്ല”. അതേസമയം വയോധികൻ മരിച്ചെന്ന് പറഞ്ഞ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button