
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ് എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. 61449 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എപ്ലസാണ്. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലക്കാണ്. വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ സ്കൂളുകളുടെ സ്ഥിതി പ്രത്യേകം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. റെക്കോർഡ് വേഗത്തിലായിരുന്നു ഇത്തവണ ഫലപ്രഖ്യാപനം. പരീക്ഷ എഴുതിയ 42,4583 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാൾ വിജയം .19 ശതമാനം കുറവാണ്. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ. കുറവ് തിരുവനന്തപുരത്തും. വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ സ്കൂളുകളുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. പ്രത്യേക പരിശോധന ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പുനര്‍ മൂല്യ നിര്‍ണ്ണയം സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം. മെയ് 28 മുതൽ ജൂൺ അഞ്ച് വരെയാണ് സേ പരീക്ഷ. അഞ്ചംഗ അഡ്മിഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ഹയര്‍ സെക്കന്‍ററി പ്രവേശനം. പ്രവേശന സമയത്തും അതിന് ശേഷവും സര്‍ക്കാര്‍ അംഗീകരിച്ച തുകക്ക് അപ്പുറം പിരിവ് നടത്തുന്ന പിടിഎ കമ്മിറ്റികൾക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
